ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ പട്ടാളക്കാരനെതിരെ കേസ്. മുഹമ്മദ് അസ്മല്‍ ഹഖിനെതിരെയാണ് ആസാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്. 30 വര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഇയാള്‍ വിരമിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് മുഹമ്മദ് അസ്മല്‍ ഹഖെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ താന്‍ വളരെ ദുഖിതനാണെന്നും, 30 വര്‍ഷത്തെ സേവനത്തിനു ശേഷം ഇത്തരം ദുഖകരമായ കാര്യം അഭിമുഖീകരിക്കേണ്ടി വന്നതില്‍ നിരാശനാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

വിശദമായ പൊലീസ് അന്വേഷണങ്ങള്‍ക്കു ശേഷമാണ് പട്ടാളത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. താനും എല്ലാവിധ പൊലീസ് അന്വേഷണങ്ങള്‍ക്കും വിധേയനായിരുന്നു. 2002 ല്‍ തന്‍റെ ഭാര്യ മുംതാസ് ബീഗവും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോയി. പൗരത്വം തെളിയിക്കുന്നതിനായി രേഖകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവ ഹാജരാക്കിയതിനെ തുടര്‍ന്ന് തങ്ങളുടെ പൗരത്വം പൊലീസ് അംഗീകരിച്ചിരുന്നുവെന്നും മുന്‍ പട്ടാളക്കാരന്‍ വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റം തടയുമെന്ന് കഴിഞ്ഞ വര്‍ഷം ആസാമില്‍ അധികാരമേറ്റ ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദീര്‍ഘകാലം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ച സൈനികന്റെ പൗരത്വം ചോദ്യം ചെയ്ത നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.