ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ജിദ്ദയില്‍ നിന്നാണ് ആരംഭിച്ചത്. ലക്നോ, ദില്ലി, ഗോവ, വാരാണസി, മാന്ഗലൂര്‍, ഗ്വാഹട്ടി എന്നിവിടങ്ങളിലേക്ക് പന്ത്രണ്ട് വിമാനങ്ങളിലായി 3,400 ഓളം തീര്‍ഥാടകരാണ് ആദ്യ ദിവസം മടങ്ങിയത്.

ജൂലൈ 24, 25 തിയ്യതികളില്‍ ഹജ്ജിനെത്തിയവരാണ് ഈ തീര്‍ഥാടകര്‍. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി മദീനയില്‍ വിമാനമിറങ്ങിയവര്‍ ജിദ്ദയില്‍ നിന്നും ജിദ്ദയില്‍ വിമാനമിറങ്ങിയവര്‍ മദീനയില്‍ നിന്നുമാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജിദ്ദയില്‍ നിന്നുള്ള മടക്കയാത്ര വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ ഇരുപത് വരെ തുടരും. മദീനയില്‍ നിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ പത്തൊമ്പത് മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ ഹാജിമാര്‍ ഞായറാഴ്ച മുതല്‍ മദീനയിലേക്ക് പോകും.

എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനത്തിന് ശേഷമായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം. മക്കയില്‍ നിന്നും മടങ്ങുമ്പോള്‍ നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ തവാഫ് നിര്‍വഹിക്കുകയാണ് പല തീര്‍ഥാടകരും ഇപ്പോള്‍. അതുകൊണ്ട് തന്നെ ഹറം പള്ളിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം സമാധാനപരമായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനു സൗദി ഭരണാധികാരികളെ വിവിധ ലോക നേതാക്കള്‍ അഭിനന്ദിച്ചു. ഹജ്ജിനിടെ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും ഇത് പരാജയപ്പെട്ടതായും സൗദി വിവര സാംസ്കാരിക മന്ത്രി അവാദ് അല്‍ അവാദ് പറഞ്ഞു.