തിരുവനന്തപുരം: ഇന്ന് വൈകുന്നേരം സംസ്ഥാനത്തെ ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പുറത്ത്. പൂന്തുറ സന്ദര്‍ശന സംഘത്തില്‍ റവന്യൂമന്ത്രിയുടെ പേരില്ല. സംസ്ഥാന പൊതുഭരണ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രനും ജെ മേഴ്‌സികുട്ടി അമ്മയും മാത്രമാണുള്ളത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സംഘത്തിലും റവന്യൂമന്ത്രിയില്ല. ഓഖി ദുരിതത്തെക്കുറിച്ച് വൈകുന്നേരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാത്രമേ റവന്യൂ മന്ത്രി പങ്കെടുക്കുകയുള്ളൂ.

എന്നാല്‍ പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരള സന്ദര്‍ശനത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആദ്യം വിവരം ലഭിക്കുന്നത് ഈ മാസം 16നാണ്. ഈ മാസം 18,19 തീയികളില്‍ കേരളം സന്ദര്‍ശിക്കുമെന്നറിയിച്ചിരുന്നുവെങ്കിലും തിരുവനന്തുരത്തെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ച അവസാന പരിപാടികളിലാണ് സന്ദര്‍ശന സ്ഥലവും സര്‍ക്കാരുമായുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും തീയതിതിയും തീരുമാനിക്കുന്നത് അദ്ദേഹത്തിന്‍റെ ഓഫീസാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.