തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സബ്ബ്കലക്ടറെ നിയമിച്ചത് ഈ സര്‍ക്കാരാണ്, സര്‍ക്കാര്‍ നയങ്ങളാണ് സബ്ബ്കലക്ടര്‍ നടപ്പാക്കുന്നതും. അതിനാല്‍ സബ്ബ് കലക്ടറെ മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. അതേസമയം, സബ് കലക്ടറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നടത്തുന്ന സമരം 18 ആം ദിവസം പിന്നിട്ടു. നടപടി ഉണ്ടാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണിവര്‍.

ദേവികുളം സബ്ബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം ആര്‍ഡിഒ ഓഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ ക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. അതേസമയം, സബ്ബ് കലക്ടറെ മാറ്റും വരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം.

സബ് കലക്ടറെ മാറ്റരുതെന്നാവശ്യപ്പെട്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന നിവേദനം എഐവൈഎഫ് പ്രവര്‍ത്തകരും റവന്യൂ മന്ത്രിക്കു സമര്‍പ്പിച്ചു. ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാടുളളവരാണ് ശ്രീറാം വെങ്കിട്ടറാമിനെ എതിര്‍ക്കുന്നവരുടേതെന്നാണ് എഐവൈഎഫിന്റെ ആക്ഷേപം. ഇതോടെ ദേവികുളം സബ്ബ്കലക്ടര്‍ വിഷയത്തിലും ജില്ലയില്‍ സിപിഎം-സിപിഐ പോരു മുറുകുകയാണ്.