മൂന്നാര്‍: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേടിനു സമീപം സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഒന്നേ മൂക്കാലേക്കറോളം പുറമ്പോക്കു ഭൂമിയാണ് ഇവിടെ കയ്യേറിയത്. ഇവിടെ നിര്‍മ്മിച്ചിരുന്ന വീടും സീല്‍ ചെയ്തു. സ്ഥലത്ത് കൃഷി ചെയ്തിരുന്ന മരച്ചീനി സംഘം പിഴുതുമാറ്റി. സംഥലത്തിനു ചുറ്റും നിര്‍മ്മിച്ചിരുന്ന വേലിയും പൊളിച്ചു നീക്കി. പഞ്ചായത്തില്‍ നിന്നും വീട് അനുവദിക്കുന്നതിന് മൂന്നു സെന്റു സ്ഥലത്തിന് രാമക്കല്‍മേട് സ്വദേശിക്ക് കൈവശരേഖ നല്‍കിയിരുന്നു. ഈ സ്ഥലവും വീടും വാങ്ങിയ പാലക്കാട് സ്വദേശിയാണ് സമീപത്തെ പുറമ്പോക്കു ഭൂമി കയ്യേറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിര്‍മ്മിച്ചിരുന്ന വീട് ഹോംസ്റ്റേയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ പാറത്തോട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനാംഗങ്ങളും ചേര്‍ന്നാണ് കയ്യേറ്റം ഒഴിപ്പിച്ചത്.