തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കിയെങ്കിലും ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച നടപടികള്‍ റവന്യൂ വകുപ്പ് തുടരുകയാണ്. അക്കാദമിക്ക് നല്‍കിയതില്‍ ഇപ്പോള്‍ ഉപയോഗിക്കാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റവന്യൂ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാദമിയുടെ പ്രധാന ഗേറ്റ് സര്‍ക്കാര്‍ ഭൂമിയിലായതിനാല്‍ അത് പൊളിക്കണം. കോളേജ് ക്യാമ്പസിലെ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ ഭൂമിയില്‍ തന്നെയാണ്. അതും ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. നേരത്തെ ലോ അക്കാദമിയില്‍ പരിശോധന നടത്തിയ തഹസില്‍ദാറും സബ് കളക്ടറും, അക്കാദമിയുടെ ഭൂമി ഉപയോഗത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിക്ക് മുന്‍പ് നിയമവകുപ്പുമായി ആലോചിക്കണമെന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഗവര്‍ണ്ണര്‍ രക്ഷാധികാരിയായ ട്രസ്റ്റ് എങ്ങനെ സ്വകാര്യ ട്രസ്റ്റ് ആയി മാറിയെന്ന കാര്യം രജിസ്‍ട്രേഷന്‍ വകുപ്പ് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.