പല കുറ്റങ്ങള്‍ക്കുള്ള പിഴ തുക ഏകീകരിച്ചതിന് പുറമെ റോഡില്‍ നിസ്സാരമെന്ന് കരുതുന്ന നിയമലംഘനങ്ങള്‍ക്കും കടുത്ത പിഴ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബായ്: യുഎഇയിലെ പുതിയ ഫെഡറല്‍ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വന്നതോടെ വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്. പല കുറ്റങ്ങള്‍ക്കുള്ള പിഴ തുക ഏകീകരിച്ചതിന് പുറമെ റോഡില്‍ നിസ്സാരമെന്ന് കരുതുന്ന നിയമലംഘനങ്ങള്‍ക്കും കടുത്ത പിഴ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയമലംഘനങ്ങളുടെ പേരില്‍ അധികൃതര്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിശ്ചിത ദിവസത്തെ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചെടുക്കാതിരുന്നാല്‍ ഓരോ ദിവസത്തിനും പിഴ അടയ്ക്കേണ്ടി വരും. ചെറിയ കാറുകള്‍ക്ക് ദിവസം 50 ദിര്‍ഹവും ഹെവി വാനങ്ങള്‍ക്ക് 100 ദിര്‍ഹവുമായിരിക്കും ഇങ്ങനെ ഈടാക്കുന്നത്. ഇങ്ങനെ പരമാവധി 3000 ദിര്‍ഹം വരെ വാഹന ഉടമനല്‍കിയ ശേഷമേ തിരികെ കൊണ്ടുപോകാന്‍ അനുവദിക്കൂ. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ പ്രത്യേക ലൈസന്‍സ് ഇല്ലാതെ വാഹനങ്ങളില്‍ കൊണ്ടുപോയാല്‍ 3000 ദിര്‍ഹം പിഴയും 24 ബ്ലാക് പോയിന്റുകളും ലഭിക്കും. വാഹനം 60 ദിവസത്തേക്ക് പിടിച്ചുവെയ്ക്കും. ലൈസന്‍സില്ലാതെ വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയാല്‍ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.

കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് നല്‍കാത്തത് ഒരു നിയമലംഘനമായി പലരും കണക്കാക്കാറില്ല. എന്നാല്‍ നാല് വയസായ കുട്ടികളെ ഇങ്ങനെ സീറ്റ് ഇല്ലാതെ വാഹനത്തില്‍ കൊണ്ടുപോകുന്നത് 400 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഹെവി വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടങ്ങളുണ്ടാക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഓവര്‍ടേക്കിങ് തുടങ്ങിയവയ്ക്ക് 3000 ദിര്‍ഹം പിഴയും ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് പിടിച്ചുവെയ്ക്കുകയും ചെയ്യും. സ്കൂള്‍ ബസുകളുടെ സ്റ്റോപ്പ് സിഗ്നല്‍ അവഗണിച്ചാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക് പോയിന്റുകളും ലഭിക്കും.

ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ച് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളുമായിരിക്കും കിട്ടുന്നത്. അനുവാദമില്ലാത്ത വാഹന റാലികള്‍ സംംഘടിപ്പിച്ചാലും കിട്ടും 500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളും. ഒപ്പം 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. അനധികൃതമായി ഡ്രൈവിങ് ക്ലാസുകള്‍ നടത്തുന്നവര്‍ക്ക് 300 ദിര്‍ഹം പിഴ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.