മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയ പോലെ ആയി കാര്യങ്ങളെന്ന് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ട രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ദില്ലി/തിരുവനന്തപുരം:സ്ഥാനാര്ഥിയാരെന്ന് ചൊല്ലി വലിയ വിവാദങ്ങളുണ്ടാക്കിയ രാജ്യസഭാ സീറ്റ് നഷ്ടമായതോടെ കോണ്ഗ്രസില് കലാപന്തരീക്ഷം രൂപംകൊടുത്തിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് പല നേതാക്കളും ഈ തീരുമാനത്തോട് പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസിന് നല്കുന്ന കാര്യത്തില് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കെ.എം.മാണിയുടെ ഓഫീസ് നിയമസഭാ സെക്രട്ടേറിയറ്റില് നിന്നും നാമനിര്ദേശപത്രിക വാങ്ങിയത് തലസ്ഥാനത്ത് ചര്ച്ചയായിട്ടുണ്ട്.
സ്വന്തം കൈയിലുള്ള രാജ്യസഭാ സീറ്റ് കോണ്ഗ്രസ് വിട്ടുകൊടുക്കരുതെന്ന് കെപിസിസി അധ്യക്ഷന് വി.എം.സുധീരന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില് തനിക്കുള്ള എതിര്പ്പ് അദ്ദേഹം രമേശ് ചെന്നിത്തലയെ നേരിട്ട് വിളിച്ചറിയിച്ചു. മാധ്യമങ്ങളിലൂടെ സുധീരന്റെ എതിര്പ്പ് പുറത്തു വന്നതിന് പിന്നാലെ എ ഗ്രൂപ്പ് നേതാവ് കൂടിയായ തിരുവഞ്ചൂര് രാധാകൃഷ്ണന് വിഎം സുധീരനുമായി കൂടിക്കാഴ്ച്ച നടത്തി.
മണ്ണുംചാരി നിന്നവന് പെണ്ണും കൊണ്ടു പോയ പോലെ ആയി കാര്യങ്ങളെന്ന് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ട രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. തിരഞ്ഞെടുപ്പില് വോട്ടു ചെയ്യുന്പോള് കോണ്ഗ്രസ് എംഎല്എമാരുടെ മനസ്സില് അതൃപ്തിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നാവാകണം ഇന്ന് രാജ്യസഭയിൽ ഉണ്ടാകേണ്ടതെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ
പറഞ്ഞു. രാജ്യസഭയിൽ കോൺഗ്രസ്സ് അംഗം വരേണ്ട സാഹചര്യമാണ് ഇന്ന് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാർലമെൻറിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ല. - കെ.എസ്.ശബരീനാഥ്.
രാജ്യസഭാ സീറ്റ് കേരളാ കോൺഗസിന് നൽകി കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീന് കുര്യാക്കോസും കോൺഗ്രസിനെ ദുർബ്ബലമാക്കി യുഡിഎഫിനെ ശക്തിപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് കെപിസിസി ജന.സെക്രട്ടറി പി എം സുരേഷ് ബാബുവും പറഞ്ഞു. രാജ്യസഭാ സീറ്റ് നഷ്ടമാക്കുന്ന പക്ഷം രാജിയല്ലാതെ വേറെ വഴിയില്ലെന്നായിരുന്നു കെപിസിസി സെക്രട്ടറി അഡ്വ.കെ.ജയന്തിന്റെ പ്രതികരണം.
