മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ പുതുച്ചേരിയിലെ ക്ഷേത്രത്തിൽ കടക്കാൻ അനുമതി നേടിയെടുത്ത് ദളിതർ. കുനിച്ചംപേട്ടിലെ ദ്രൗപദി അമ്മൻ കോവിലിലാണ് ദളിത് പ്രതിഷേധം ഫലം കണ്ടത്.
ചെന്നൈ: മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ പുതുച്ചേരിയിലെ ക്ഷേത്രത്തിൽ കടക്കാൻ അനുമതി നേടിയെടുത്ത് ദളിതർ. കുനിച്ചംപേട്ടിലെ ദ്രൗപദി അമ്മൻ കോവിലിലാണ് ദളിത് പ്രതിഷേധം ഫലം കണ്ടത്.
നാല് മാസം മുമ്പ് നാട്ടുകാരിയായ ദളിത് പെൺകുട്ടി ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ചത് ക്ഷേത്രം അധികൃതർ തടഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പുതുച്ചേരി കുനിചംപേട്ടുകാരിയായ രാധ അവിടെയുളള ദ്രൗപദി അമ്മൻ കോവിലിൽ കയറിയപ്പോൾ ഇങ്ങനെ തടയുകായിരുന്നു ക്ഷേത്രം അധികാരികൾ. ദളിത് വിഭാഗത്തിൽപ്പെട്ട രാധ കയറിയാൽ ക്ഷേത്രം അശുദ്ധമാക്കപ്പെടുമെന്നും പുറത്തിറങ്ങണമെന്നും കർശനനിർദേശം. വാക്കുതർക്കത്തിൽ കാര്യങ്ങൾ അന്ന് അവസാനിച്ചു. പിന്നീട് ദളിത് സംഘടനകൾ ഇടപെട്ടു.വ്യാഴാഴ്ച ദളിത് സംഘടനാ പ്രവർത്തകർ കുനിചംപേട്ടിൽ ഒത്തുകൂടി. വെളളിയാഴ്ച രാവിലെ ദളിതർ ക്ഷേത്രത്തിൽ കടക്കുമെന്ന് പ്രഖ്യാപിച്ചു. നൂറോളം പേർ പ്രകടനമായെത്തി. തടയാൻ ക്ഷേത്രം അധികാരികളും മറ്റ് വിഭാഗത്തിൽപ്പെട്ട നൂറ് കണക്കിന് നാട്ടുകാരും.
ക്ഷേത്രത്തിന് മുന്നിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തുമെന്ന നിലയായി. പൊലീസുമായി ഉന്തും തളളുമുണ്ടായി.ജില്ലാ പൊലീസ് മേധാവിയും കളക്ടറും സ്ഥലത്തെത്തി. ചർച്ച നടത്തി. ഒടുവിൽ ദളിതർക്ക് താത്കാലികമായി ക്ഷേത്രത്തിൽ കടക്കാൻ അനുമതി കിട്ടി. ദ്രൗപദി അമ്മൻ കോവിൽ ഇപ്പോഴും പൊലീസ് വലയിത്തിലാണ്. പ്രശ്നം പരിഹരിച്ചെങ്കിലും എപ്പോൾ വേണമെങ്കിലും സംഘർഷമുണ്ടാകാമെന്നാണ് അവസ്ഥ. ദളിതർക്ക് വിലക്കുളള തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ സമാനപ്രതിഷേധം സംഘടിപ്പിക്കാൻ സംഘടനകൾക്ക് പദ്ധതിയുണ്ട്.
