കാസര്‍കോട്: പോലീസ് വിലക്കിയ സ്ഥലത്ത് നബിദിനാഘോഷത്തിനായി കെട്ടിയ അലങ്കാരം അഴിച്ചുമാറ്റാനെത്തിയ പൊലീസിന് നേരെ കല്ലേറ്. കല്ലെറിഞ്ഞവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീപ്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 100 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

നബിദിനത്തില്‍ കാസര്‍കോട് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റേഷന്‍ പരിധിയിലെ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനു മുന്നില്‍ നബിദിനാഘോഷമെന്ന പേരില്‍ ഒരു വിഭാഗം ലീഗുകാര്‍ പച്ച കോടികൊണ്ട് അലങ്കരിച്ചിരുന്നു. ഇത് ഇരുവിഭാങ്ങള്‍ തമ്മിലെ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന നിഗമനത്തില്‍ അലങ്കാരം ആഴിച്ചുമാറ്റാന്‍ പോലീസ് ലീഗ് പ്രവര്‍ത്തകരോട് അവശ്യപ്പെട്ടെങ്കിലും തോരണങ്ങള്‍ മാറ്റുവാന്‍ തയാറായില്ല. 

തുടര്‍ന്ന് പോലീസ് തോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ സംഘടിതരായ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവം വഷളായതോടെ സി.ഐ. ഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പൊലീസിന് നേരെ കല്ലെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. ഡിസംബര്‍ ആറ് മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് കസര്‍കോഡിന്റെ ചിലഭാങ്ങളില്‍ പോലീസ് ഒരുക്കിയിട്ടുള്ളത്.