റൈസിം​ഗ് കാശ്മീർ എഡിറ്റർ അ‍ജ്ഞാതരാണ് വെടിവെച്ചത് ഒന്നിലധികം ബുള്ളറ്റുകൾ

ശ്രീന​ഗർ: റൈസിം​ഗ് കാഷ്മീർ ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായ സുജാത്ത് ബുഖാരി ശ്രീന​ഗറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചാണ് വെടിയേറ്റത്. ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റുകളേറ്റിരുന്നു. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ​ഓഫീസേഴ്സിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. ആദ്യമായിട്ടാണ് കാശ്മീരിൽ മാധ്യമപ്രവർത്തകൻ അക്രമത്തിനിരയാകുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഓഫീസിൽ നിന്നിറങ്ങി കാറിൽ കയറാനൊരുങ്ങവെയാണ് മോട്ടോർസൈക്കിളിൽ എത്തിയ മൂന്നുപേർ വെടിയുതിർത്തത്.

കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസേഴ്സിന് തിരിച്ചൊന്നും ചെയ്യാൻ സാധിക്കാത്ത വിധത്തിലായിരുന്നു അജ്ഞാതരുടെ ആക്രമണം. നാളെ റംസാൻ പ്രമാണിച്ച് ജനങ്ങൾ വീട്ടിലെത്തുന്നതിന്റെ തിരക്കിലായിരുന്നു. ഈ സമയം തന്നെയാണ് തീവ്രവാദികൾ തെരഞ്ഞെടുത്തത്. 2000 മുതൽ സുജാത്ത് ബുഖാരിക്ക് പൊലീസ് സംരക്ഷണം നൽകിയിരുന്നു. കാശ്മീർ താഴ് വരയെ സംബന്ധിച്ച് നിരവധി സമാധാന സമ്മേളനങ്ങൾ സംഘടിപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു ബുഖാരി. ഇതാകാം തീവ്രവാദികളെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിം​ഗ്, മുഖ്യമന്ത്രി മെഹബൂബാ മുഫ്തി, എന്നിവർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. ബുഖാരിയുടെ കൊലപാതകത്തെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യ‌യിൽ മാധ്യമപ്രവർത്തകരുടെ ജീവൻ സുരക്ഷിതമല്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പ്രസ് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.