കൊല്‍ക്കത്ത: സമീപ ഭാവിയില്‍ തന്നെ ബംഗാളില്‍ സിപിഎം പിളരുമെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ അംഗം റിതബ്രത ബാനര്‍ജി. ജീവിതത്തില്‍ അരിവാള്‍ ചുറ്റികയില്‍ വോട്ട് ചെയ്യാത്തവരാണ് ബംഗാളിലെ സിപിഎമ്മിന്റെ കാര്യം തീരുമാനിക്കുന്നത്. കണ്ണൂര്‍ ലോബിയുടെ മേധാവിത്തമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിതബ്രത പറഞ്ഞു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഎം ബംഗാള്‍ ഘടകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൊണ്ട് റിതബ്രത ബാനര്‍ജി രംഗത്ത് വന്നത്. പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ കേന്ദ്ര നേതൃത്വത്തിലെ ഒരു വലിയ വിഭാഗം എന്നും ബംഗാളിലെ നേതാക്കള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില് ബാംഗാളില്‍ സിപിഎമ്മില്‍ പിളര്‍പ്പ് ഉടനുണ്ടാകുമെന്നും റിതബ്രത പറഞ്ഞു. ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ താന്‍ ആഡംബരജീവിതം നയിക്കുന്നു എന്ന് പറയുന്നത്. എന്നാല്‍ ഈ നേതാക്കള്‍ ആപ്പിളിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോകുന്നതിനും ആര്‍ക്കും എതിര്‍പ്പില്ല. കണ്ണൂര്‍ ലോബിയുടെ മേധാവിത്തമാണ് സിപിഎമ്മില്‍. കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാവായ വി എസ് അച്യുതാനന്ദനെ പോലും ഇവര് ഒതുക്കിയിരിക്കുകയാണെന്ന് റിതബ്രത പറഞ്ഞു.