140 ജലാശയങ്ങളുടെ ഒരിറ്റ് ജീവനുമായി ഒരു കര്‍ഷകന്‍  

വയനാട്: അമ്പലവയല്‍ കോളിയാടി പാലാകുനി സായി സദനത്തില്‍ ദാമോദരന്‍ നായര്‍ എന്ന അറുപുകാരന്റെ വീട് മറ്റേതൊരു വീടുപോലെയും ശാന്തമാണ്. എന്നാല്‍ വീട്ടിലെ സ്വീകരണമുറിയിലേക്ക് കയറിയാല്‍ ലോകത്തിലെ അനേകം ജലാശയങ്ങുടെ തിരയിളക്കം കേള്‍ക്കാം.

സ്വീകരണമുറിയിലെ തിരയിളക്കം അദ്ദേഹത്തിന്റെ സ്വീകരണ മുറിയിലെ ഷെല്‍ഫുകളില്‍ നിന്നാണ്. ഷെല്‍ഫുകളില്‍ ചെറുതും വലുതുമായ കുപ്പികളിലെല്ലാം വെള്ളം നിറച്ചിരിക്കുന്നു. കര്‍ഷകനായ ദാമോദരന് കിറുക്കായിരിക്കുമെന്ന് ചിന്തിക്കാന്‍ വരട്ടെ. ഇത് ഭൂമിയിലെ ഏറ്റവും മൂല്യമുള്ള ഒന്നിനോട് അദ്ദേഹത്തിന്റെ സ്നേഹമാണെന്ന് ചോദിച്ചറിഞ്ഞാല്‍ മനസിലാകും. 

വിവിധ രാജ്യങ്ങളിലെ ചെറു നീരുറവകള്‍ തുടങ്ങി ജോര്‍ദാന്‍ നദിയിലെ വെള്ളം വരെ കുപ്പികളില്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ് ദാമോദരന്‍ നായര്‍. വ്യത്യസ്ത ജലാശയങ്ങളിലെ വെള്ളം ചെറു കുപ്പികളിലാക്കി ശേഖരിക്കാന്‍ ഇന്നും മടിയേതുമില്ല ഇദ്ദേഹത്തിന്. പതിമൂന്ന് വര്‍ഷം മുമ്പ് ഗംഗാജലം ശേഖരിച്ച് തുടങ്ങിയ സപര്യ വിവിധ രാജ്യങ്ങളിലെ ചെറു നീരുറവ അടക്കം നദി, കുളം, കായല്‍, കടല്‍ വരെ എത്തിനില്‍ക്കുന്നു. 

ജോര്‍ദാന്‍ നദി, മക്കയിലെ പുണ്യതീര്‍ഥം, ചാവുകടലിലെ ചളിയോടുകൂടിയ ജലം, ഗംഗ, യമുനാ, ഗോദാവരി, ബ്രഹ്മപുത്ര, കാവേരി നദികളിലെ വെള്ളം, രാമേശ്വരത്തെ ഇരുപത്തൊന്ന് കുളങ്ങളിലെ ജലം, ഒമ്പതു വര്‍ഷത്തിലെരിക്കല്‍ ഉറവയെടുക്കുന്നതെന്നവകാശപ്പെടുന്ന പുനര്‍ജനി ഗുഹയിലെ വെള്ളം എന്നുവേണ്ട കാഞ്ചനമാലയുടെ മൊയ്തീന്റെ ജീവന്‍ ഉറഞ്ഞു പോയ ഇരുവഴിഞ്ഞിപ്പുഴയിലെ ജലം പോലും കുപ്പിയില്‍ ഭദ്രമാക്കി സ്വീകരണമുറിയിലെത്തിച്ചിട്ടുണ്ട്. ഇങ്ങനെ 140 ജലാശയങ്ങളിലെ ജലം അദ്ദേഹത്തിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നു.

ഏറെയും ദാമോദരന്‍ നായര്‍ നേരിട്ട് ശേഖരിച്ചതും മറ്റുള്ളവ വിദേശത്തുള്ള സുഹൃത്തുക്കളും, സഹോദരനും വഴി സംഘടിപ്പിച്ചതുമാണ്. നല്ലൊരു കര്‍ഷകന്‍ കൂടിയായ ഇദ്ദേഹം ചില്ലലമാരയിലെ ജലശേഖരണത്തില്‍ മാത്രമല്ല ശ്രദ്ധയൂന്നുന്നത്. തന്റെ അഞ്ചേക്കര്‍ പുരയിടത്തില്‍ വീഴുന്ന ഓരോ മഴത്തുള്ളിയും ഭൂമിയിലേക്കിറങ്ങുന്നതിന് മണ്‍തിട്ട കെട്ടി സംരക്ഷിക്കുക കൂടി ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണയുമായി കുടുംബമൊന്നാകെ അദ്ദേഹത്തോടൊപ്പമുണ്ട്.