ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി പണമൊഴുക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാര്‍ഥി കരു നാഗരാജന്‍. നോട്ടിന്റെ സീരിയല്‍ നമ്പര്‍ വെച്ച് വോട്ടിന് പണം നല്‍കുന്നുവെന്നും ടി.ടി.വി ദിനകരനാണെന്നും അദ്ദേഹം ആരോപിച്ചു. പല കേന്ദ്രങ്ങളിലും 20 രൂപയുടെ ചില്ലറനോട്ടുകള്‍ വിതരണം ചെയ്യുന്നു. സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് നോട്ട് നല്‍കുന്നത്. ഈ നോട്ട് വാങ്ങിയ ആള്‍ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങിയാല്‍ വോട്ടൊന്നിന് 6000 രൂപ വെച്ച് നല്‍കുന്നുവെന്നാണ് കരു നാഗരാജന്‍ ആരോപിക്കുന്നത്. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിട്ട് ഫലമില്ലെന്നും അദ്ദേഹം പറയുന്നു. 

അതേസമയം മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് പോളിങ് നടക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു. ഓരോ ബൂത്തിലും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു എസ്.ഐയും ഒന്‍പത് പൊലീസുദ്യോഗസ്ഥരുമുണ്ട്. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി മധുസൂദനന്‍ ചെന്നൈ കോര്‍പ്പറേഷന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഡി.എം.കെ സ്ഥാനാര്‍ഥി മരുതു ഗണേഷ് വോട്ട് രേഖപ്പെടുത്തി.