ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആർ.കെ നഗറിൽ വോട്ടിന് പണം വിതരണം ചെയ്യുന്നുവെന്ന ആരോപണം ശക്തം. ഇന്നലെ മാത്രം ഇവിടെ നിന്ന് 13 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി. അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിക്കായി പണം വിതരണം ചെയ്തുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.
വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടെത്തിയതിനാലാണ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്. വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴും സമാനമായ ആരോപണമാണ് ഉയരുന്നത്. ഇത്തവണയും പ്രതി സ്ഥാനത്ത് അണ്ണാ ഡിഎംകെ തന്നെയാണ്.
തീരപ്രദേശമായ കൊരുക്കുപേട്ടിൽ പണം വിതരണം ചെയ്യാൻ ശ്രമിച്ചവരെ ഡിഎംകെ പ്രവർത്തകർ പൊലീസിലേൽപിച്ചു. ഇന്നലെ മാത്രം മണ്ഡലത്തില്‍ നിന്ന് പിടിച്ചെടുത്തത് 13 ലക്ഷം രൂപയാണ്. ഇതുവരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് 95 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. 15 പേർ പിടിയിലായി. 120 പേർ കരുതൽ തടങ്കലിലാണ്.
റവന്യൂ മന്ത്രിയുടെ കാർ പ്രചാരണത്തിനിടെ ടിടിവി അനുകൂലികൾ തകര്‍ത്തെന്ന് അണ്ണാ ഡിഎംകെ പ്രവർത്തകർ ആരോപിച്ചു. ജയ ടി വി റിപ്പോർട്ടർ മാരി ഡിഎംകെ പ്രവര്‍ത്തകരുടെ ആക്രണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 9 നിരീക്ഷകരെയാണ് മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്പണച്ചെലവ് നിരീക്ഷിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥൻ വിക്രം ബത്ര ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്.
