റോറോ ഓടിക്കാന്‍വേണ്ട പരിശീലനം ലഭിച്ച ഒരു ഡ്രൈവര്‍ മാത്രമാണ് ഉള്ളത്.
റോറോ ഓടിക്കുന്നതിന് കെ.എസ്.ഐ.എന്.സി മുന്നോട്ട് വച്ച വ്യവസ്ഥയില് കൊച്ചി കോര്പറേഷന് അതൃപ്തി. ദിവസവും എട്ട് മണിക്കൂര് ഒരു റോറോ ഓടിക്കാമെന്നും ബാക്കി സമയത്ത് ജങ്കാര് സര്വീസ് നടത്താം എന്നുമാണ് കെ.എസ്.ഐ.എന്.സി കോര്പറേഷനെ അറിയിച്ചത്. റോറോ ഓടിക്കാന്വേണ്ട പരിശീലനം ലഭിച്ച ഒരു ഡ്രൈവര് മാത്രമാണ് ഉള്ളത്. ഞായറാഴ്ച്ച ഇയാള്ക്ക് അവധി വേണം എന്നതിനാല് അന്ന് റോറോ സര്വീസ് ഉണ്ടായിരിക്കുകയുമില്ല.
ഇത് അംഗീകാരിക്കുകയാണെങ്കില് തിങ്കളാഴ്ച്ച മുതല് റോറോ ഓടിക്കാം എന്നാണ് കെ.എസ്.ഐ.എന്.സിയുടെ പക്ഷം. ഒരു വരുമാനവുമില്ലാതെ ദിവസവും 20,000 രൂപ മുടക്കിയാണ് ഇപ്പോള് ഡ്രൈവര്മാര്ക്ക് പരിശീലനം നല്കികൊണ്ടിരിക്കുന്നത്. സര്വീസ് ആരംഭിച്ചാല് മാത്രമേ കമ്പനിക്ക് വരുമാനം ലഭിക്കുകയുള്ളൂ. റോറോയ്ക്ക് പകരം ഞായറാഴ്ച്ച ജങ്കാര് ഓടിക്കാം എന്നും കമ്പനി പറയുന്നു. എന്നാല് ഒരു ഡ്രൈവറെ മാത്രം ആശ്രയിച്ച് സര്വീസ് നടത്തുന്നത് പ്രായോഗികമല്ല എന്ന നിലപാടാണ് കോര്പറേഷനുള്ളത്. ഇങ്ങിനെ ചെയ്താല് സര്വീസിനെ ബാധിക്കാനും ഇടയുണ്ട്.
മാസ്റ്റര് ഡ്രൈവറായ വിന്സെന്റിന്റെ പേരില് ഒരു റോറോ ഓടിക്കാന് ലൈസന്സ് എടുത്താല് കൊച്ചി ഷിപ്പ്യാര്ഡിലുള്ള രണ്ടാമത്തെ റോറോയുടെ കാര്യത്തില് എന്ത് തീരുമാനം എടുക്കും എന്നതും ഒരു പ്രശ്നമാണ്. ഇത് ഓടിക്കുന്നതിന് കെ.എസ്.ഐ.എന്.സി എല്ലാ ലൈസന്സുകളും പുതുതായി എടുക്കേണ്ടിവരും. എന്നാല് കെ.എസ്.ഐ.എന്.സിയുടെ നിര്ദേശം നടപ്പാക്കണമെന്നും രണ്ട് മൂന്നാഴ്ച്ചക്കുള്ളില് മറ്റ് ഡ്രൈവര്മാര്ക്ക് പരിശീലനം നല്കി രണ്ട് റോറോയും സര്വീസ് തുടങ്ങണമെന്നുമാണ് ഫോര്ട്ട്കൊച്ചിയിലേയും വൈപ്പിനിലെയും ജനങ്ങളുടെ ആവശ്യം.
