ദുബായ്: യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമ,റോഡ് ഗതാഗതങ്ങള്‍ താറുമാറാക്കി. പല വിമാനങ്ങളും 12 മണിക്കൂറിലേറെ വൈകി പറക്കുന്നത് യാത്രകാരെ ദുരിതത്തിലാക്കി. നിരവധി റോഡപകടങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലായി 22 വിമാന സര്‍വീസുകള്‍ വൈകി. ദുബായി, ഷാര്‍ജ, അബുദാബി അന്താരാഷ്‌ട്ര വിമാനതാവളങ്ങളിലെ സര്‍വീസുകളെയാണ് കനത്ത മഞ്ഞ് ബാധിച്ചത്. ദുബായില്‍ നിന്ന് രാവിലെ ആറുമണിക്ക് ശേഷം പുറപ്പെടേണ്ട 13 വിമാനങ്ങള്‍ വൈകി. മൂടല്‍ മഞ്ഞ് വ്യക്തമായ കാഴ്ചയ്‌ക്ക് തടസ്സം സൃഷ്‌ടിച്ചത് മൂലമാണ് വിമാന സര്‍വീസുകള്‍ വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് ദുബായില്‍ നിന്ന് നെടുമ്പാശിരിയിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് പത്തുമണിക്കൂര്‍ വൈകിയും പുറപ്പെട്ടിട്ടില്ല. ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

അതേസമയം കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് ഇന്നലെ രാത്രി പുറപ്പെട്ട ജെറ്റ് എയര്‍വേയ്സ് വിമാനം മൂടല്‍മഞ്ഞ് കാരണം യാത്രക്കാരുമായി രാവിലെ കൊച്ചിയില്‍  തന്നെ തിരിച്ചെത്തി. വിമാനം തിരിച്ചെത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്ന് ഇന്നും നാളെയുമായി ഒഴിവ് വരുന്ന വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.

പുലര്‍ച്ചെ തുടങ്ങിയ മൂടല്‍ മഞ്ഞ് റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട് ദുബായി, അബുദാബി റോഡുകളില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പിലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.