വയനാട്: രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് പുല്‍പ്പള്ളി കുറിച്ചിപറ്റയിലാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്തെ ആദിവാസികോളനിയില്‍ മധ്യവയസ്‌കനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാരാണ് പുല്‍പള്ളി--മാനന്തവാടി റോഡില്‍ പ്രതിഷേധവുമായെത്തിയത്. 

വെളു കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കാളനെ(43)യാണ് കഴിഞ്ഞ രാത്രി ആന ആക്രമിച്ചത്. രാവിലെ അവശനിലയില്‍ വീടിനടുത്തുള്ള വയലിലാണ് കാളനെ കണ്ടെത്തിയത്. പുല്‍പ്പള്ളിക്ക് സമീപമുള്ള മിക്ക ഗ്രാമങ്ങളിലും കാട്ടാന, കടുവ എന്നിവയുടെ ശല്യം വര്‍ധിച്ചിട്ടും അധികൃതര്‍ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മാസം ആദ്യം ഇതേ പ്രദേശത്ത് ആനയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. റോഡ് ഉപരോധം തുടങ്ങിയതോടെ ജനപ്രതിനിധികളും നാട്ടുകാരുമായി അധികൃതര്‍ ചര്‍ച്ച നടത്തി. വെളുകൊല്ലി, പാക്കം, കുറിച്ചിപറ്റ പ്രദേശങ്ങളിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണുമെന്ന വനം വകുപ്പ് അധികൃതരുടെ ഉറപ്പിന്‍മേല്‍ ഉച്ചക്ക് ഒരുമണിയോടെ സമരം അവസാനിപ്പിച്ചു. 

ഭീതി വിതച്ച് കടുവയും
ആനയെ കണ്ടാല്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാം. കടുവയുടെ മുന്നില്‍പ്പെട്ടാല്‍ എന്തു ചെയ്യും. പാക്കത്തെയും മറ്റും സാധാരണക്കാരുടെ ചോദ്യത്തിനുള്ള ഉത്തരം വനവകുപ്പിന് പോലുമില്ല. പന്നിയും ആനയും ജീവിതം ദുസഹമാക്കുന്നതിനിടക്കാണ് ഭീതി വിതച്ച് കടുവയും നാട്ടിലിറങ്ങിയിരിക്കുന്നത്. 

പാക്കം വനപ്രദേശത്തെ ജനവാസ കേന്ദ്രത്തിലെത്തിയ കടുവ നാട്ടുകാരെയും വനംവകുപ്പിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയത് കഴിഞ്ഞ ആഴ്ചയാണ്. പട്ടാപകല്‍ പുല്‍പ്പള്ളി-മാനന്തവാടി റോഡരികില്‍ മണിക്കൂറുകളോളം കിടന്നതിന് ശേഷമാണ് കടുവ സ്ഥലം വിട്ടത്. കുറുവ റോഡ്, വട്ടവയല്‍ തുടങ്ങിയ പ്രദേശങ്ങളിലും ആളുകള്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. കടുവ ഭയത്താല്‍ പകല്‍ തീരുന്നതിന് മുമ്പേ വീടണയുകയാണ് മിക്കവരും.