റോഡ് പുഴയായി, ഒടുവില്‍ കുളിച്ച് പ്രതിഷേധം
കൊച്ചി:ഏഴുവര്ഷങ്ങളായി തകര്ന്ന് കിടക്കുന്ന റോഡിന് ഉത്തരവാദികളായ അധികൃതര്ക്കെതിരെ ഇങ്ങനെയും പ്രതിഷേധിക്കാമെന്ന് കാണിച്ചുതരുകയാണ് കൊച്ചി മുളവുകാട്ടെ നാട്ടുകാര്. കൊച്ചി നഗരത്തിന്റെ മൂക്കിന് താഴെയാണ് മുളവുകാട് ദ്വീപ്. പക്ഷേ അധികൃതരുടെ കണ്ണ് ഇങ്ങോട്ടെത്താറില്ല. മഴക്കാലത്ത് ഇവിടത്തെ റോഡ് പുഴയായി ഒഴുകും. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധമറിയിക്കാൻ പ്രദേശവാസിയായ കലാകാരൻ റോഡിലെ പുഴയിലിറങ്ങി കുളിച്ചു.
സിനിമാ സീരിയൽ താരമായ സലീം ഹസന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പിന്തുണ നൽകി.
ബോൾഗാട്ടി പൊന്നാരിമംഗലം റോഡിലെ മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണ്ണമായി തകർന്ന് കിടക്കുന്നത്. മഴക്ക് ശേഷം റോഡ് നിർമ്മിക്കുമെന്നാണ് മുളവുകാട് പഞ്ചായത്ത് ഇപ്പോൾ പറയുന്നത്.
