നിരത്തുകളില്‍ നടന്നുപോകുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് കൂട്ടമായി ബൈക്കുകളിലെത്തുന്നവരുടെ മര്‍ദനം പതിവായിരിക്കുകയാണ്. തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കയ്യിലുള്ള പണവും ആഭരണങ്ങളും ഫോണും കവര്‍ന്ന് ക്രിമിനല്‍ സംഘങ്ങള്‍ കടന്നുകളയും. കഴിഞ്ഞയാഴ്ച ജെ.പി നഗറില്‍ പുലര്‍ച്ചെ നാല് മണിക്ക് സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ പിന്തുടര്‍ന്ന സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി. ഫോണും പണവും കവര്‍ന്നു. എല്ലാം ഇരുപതിനടുത്ത് പ്രായമുളള യുവാക്കളായിരുന്നു. ബൈക്കുകള്‍ക്ക് യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റില്ല. കയ്യില്‍ ആയുധങ്ങളുമുണ്ട്. മര്‍ദനം ഭയന്ന് കയ്യിലുള്ള പണം മുഴുവന്‍ അക്രമികള്‍ക്ക് നല്‍കി പലരും രക്ഷതേടും.
ജെ.പി നഗറില്‍ തന്നെ മറ്റൊരു യുവാവിനും ഇതേ അനുഭവമുണ്ടായി. രാത്രി ഒരു മണിക്ക് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മര്‍ദിച്ച ശേഷം പണം തട്ടിയെടുത്ത് അക്രമി സംഘം സ്ഥലം വിട്ടു. മൈസൂര്‍ റോഡ് മുതല്‍ ഹുസൂര്‍ റോഡ് വരെയുളള പ്രദേശം കേന്ദ്രീകരിച്ചാണ് സംഘം കൊള്ള നടത്തുന്നത്. ഇവരെക്കൂടാതെ പട്ടാപ്പകല്‍ പണം തട്ടുന്നവരും നഗരത്തില്‍ വിലസുകയാണ്. ഭന്‍ശങ്കരിയില്‍ യുവാവിനെ ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണം ആവശ്യപ്പെടുന്നയാളും സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി.
ഇരകളാക്കപ്പെടുന്നവരുടെ പരാതികള്‍ക്ക് കുറവില്ല.എന്നാല്‍ സിറ്റി പൊലീസ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം. രാത്രി പതിവ് പരിശോധനകള്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ പോലും നടക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഈ ആരോപണളെ ശരിവെക്കുന്നു. പൊലീസ് നടപടിയെടുക്കാതിരിക്കുന്തോറും കൂടുതല്‍ ഭയാനകമാവുകയാണ് ബംഗളൂരുവിലെ രാത്രി സഞ്ചാരം.
