പനാജി: ഗോവയില്‍ എടിഎം കവര്‍ച്ചക്കെത്തിയ കള്ളനെ തുരത്തി സെക്യൂരിറ്റി ജീവനക്കാരന്‍. പലതവണ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെങ്കിലും ധൈര്യം കൈവിടാതെ കള്ളനെ തുരത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ ദൃശ്യങ്ങള്‍ വൈറലായി.

എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. നിരായുധനായ സെക്യൂരിറ്റി ജീവനക്കാരന്‍ കള്ളനെ പിടികൂടാന്‍ ശ്രമിച്ചതിന്റെ ഭാഗമായി കള്ളന്റെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ക്രൂരമായി ആക്രമണം നേരിട്ടിട്ടും മനോധൈര്യം കൈവിടാതെ ചുറ്റിക പിടിച്ചുവാങ്ങി കള്ളനെ തുരത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തലയില്‍ നിന്ന് രക്തം വന്നിട്ടും ഓടി രക്ഷപ്പെട്ട കള്ളനു പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ധൈര്യപൂര്‍വം കള്ളനെ നേരിട്ട സെക്യൂരിറ്റി ജീവനക്കാരന് വന്‍ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.