കൊച്ചി: എറണാകുളം പെരുന്പാവൂരിൽ ആയുധങ്ങളുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മോഷ്ടാക്കൾ പിടിയിൽ. യാദൃശ്മാചികമായി ഇവരെ കണ്ട നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. പെരുന്പാവൂർ ഓടക്കാലിയിലൂടെ രണ്ട് പേർ ബൈക്കിൽ പോകുന്പോൾ ചില്ലറത്തുട്ടുകൾ താഴെ വീണു. ഇത് എടുത്ത്കൊടുക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾ കണ്ടത് വടിവാൾ. ഇതോടെ നാട്ടുകാർ തടിച്ചുകൂടി ബൈക്ക് യാത്രക്കാരായ രണ്ട് പേരെയും തടഞ്ഞുവച്ചു.
പരിശോധനയിൽ കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തു. ഒരു സഞ്ചി നിറയെ നാണയത്തുട്ടുകളും. വാളയാർ സ്വദേശി യേശുദാസ്, തിരുച്ചിറപ്പള്ളി സ്വദേശി സത്യംസുന്ദർ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ബൈക്ക്. ഇരുവരെയും കുറുപ്പംപടി പൊലീസിലേൽപ്പിച്ചു.
അടുത്തിടെ കാലടിയിലും പെരുന്പാവൂരിലും സമീപപ്രദേശങ്ങളായ വേങ്ങൂർ, കൊന്പനാട് എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. നാട്ടുകാർ ഭീതിയിൽ കഴിയുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. കാലടിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കവർച്ചക്ക് പിന്നിൽ ഇവരാണെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
