ദില്ലി: ട്രക്ക് ഡ്രൈവറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷ്ടാക്കള്‍ 950 ഐഫോണുകള്‍ കവര്‍ന്നു. ദക്ഷിണ ദില്ലിയിലെ വസന്ത്കുഞ്ജില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ശരാശരി 60000 രൂപ വിലവരുന്ന ഫോണുകള്‍ അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിക്കാനാരിക്കെയാണ് മോഷ്ടിക്കപ്പെട്ടത്. രണ്ടരക്കോടിയോളം രൂപ വില വരുന്ന ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ഡ്രൈവറുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് ആക്രമിച്ചശേഷം മോഷ്ടാക്കള്‍ ട്രക്ക് തട്ടിയെടുത്ത് ഓടിച്ചുപോവുകയായിരുന്നു. പിന്നിട് രംഗ്പൂര്‍ പഹാഡിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് ഫോണുകള്‍ മാറ്റി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് ട്രക്ക് ഡ്രൈവര്‍ കലാം സിംഗ് വസന്ത്കുഞ്ജ് പോലീസിനോട് പറഞ്ഞത്- ചൊവ്വാഴ്ച രാത്രി ഫോണുകളുമായി ഒഖ്‌ലലയില്‍ നിന്ന് ദ്വാരകയിലേക്ക് പോകുമ്പോഴായിരുന്നു മോഷ്ടാക്കള്‍ ആക്രമിച്ചത്. വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പായ്ക്കറ്റ് ആരോ ട്രക്കിനകത്തേക്ക് എറിഞ്ഞു.
കുട്ടികളുടെ പണിയായിരിക്കും എന്നു കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴാണ് മുഖമാകെ നീറിപ്പുകയാന്‍ തുടങ്ങിയത്. വാഹനം നിര്‍ത്തി മുഖം കഴുകാന്‍ തുടങ്ങുമ്പോഴാണ് കത്തിയുമായി രണ്ടുപേര്‍ വന്ന് തന്നെ ബന്ദിയാക്കിയത്. മോഷ്ടാക്കളുടെ സംഘത്തില്‍ പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി തന്നെ ബന്ദിയാക്കി ട്രക്ക് ഓടിച്ചുപോവുകയായിരുന്നു. രാജ്കോരി ഫ്ലൈ ഓവറിന് സമീപം തന്നെ തള്ളിയിട്ടശേഷം മോഷ്ടാക്കള്‍ ട്രക്ക് ഓടിച്ചുപോയി എന്നാണ് ഡ്രൈവര്‍ പറയുന്നത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
