ബംഗളൂരു: ഓവുചാലിൽ നിന്ന് തുരങ്കം തീർത്ത് ബെംഗളൂരുവിലെ ജ്വല്ലറിയിൽ നിന്ന് കവർന്നത് ലക്ഷങ്ങളുടെ ആഭരണങ്ങൾ. ബെംഗളൂരു കെ ആർ പുരത്തെ ജ്വല്ലറിയിലാണ് സിനിമാസ്റ്റൈലിൽ മോഷണം നടന്നത്.
ബെംഗളൂരു കെ ആർ പുരം ദേവസാന്ദ്രമെയിൻ റോഡിലെ ബാലാജി ജ്വല്ലറി ലക്ഷ്യം വെച്ച് ഒരു സംഘം എടുത്തത് ചില്ലറ റിസ്കല്ല. ഒറ്റരാത്രികൊണ്ട് ജ്വല്ലറിയിലേക്ക് തുരങ്കം തീർത്തു.അതും ഒാവുചാലിൽ നിന്ന്. നിരന്തരം വാഹനങ്ങൾ പായുന്ന പാതക്കരികിൽ ആരുമറിയാതെ ഓവുചാലിനുളളിൽ നിന്നുകൊണ്ട് മോഷണപദ്ധതി. ജ്വല്ലറിയിൽ നിന്ന് കവർന്നത് 75 പവൻ സ്വർണം.350 കിലോ വെളളി. ഉടമ രാജസ്ഥാൻ സ്വദേശിയായ മോഹൻലാൽ രാവിലെ കടയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.കടയിലെ സിസിടിവിയും മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു. പിന്നെ പോലീസിൽ അറിയിച്ചു.തുരങ്കത്തിന്‍റെ വഴിതേടി അവരാണ് ഓവുചാലിലെത്തിയത്.
രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളിൽ നിന്ന് നഷ്ടപ്പെട്ട 5 കിലോ വെളളി ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.മോഹൻലാലിനെ അറിയുന്നവർ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് ശ്രമം.
