മലപ്പുറം: കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറം കോട്ടപ്പടി ശാഖയില്‍ കവര്‍ച്ചാ ശ്രമം. ഗ്രില്‍ പൊളിച്ച് അകത്തു കടന്ന സംഘം സ്രോങ് റൂം തകര്‍ക്കാനും ശ്രമം നടത്തി.

ഇന്നലെ പുലര്‍ച്ചെയോടെയാണ് കവര്‍ച്ചാ ശ്രമം നടന്നിരിക്കുന്നത്. വെന്റിലേറ്ററിന്റെ ഗ്രില്‍ മുറിച്ചു കടന്ന് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂമിന്റെ വാതില്‍ മുറിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. വാതില്‍ ആഴത്തില്‍ മുറിക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദ്വാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സി.സി.ടിവി ക്യാമറ മുകളിലേക്ക് ഉയര്‍ത്തിവച്ച നിലയിലാണ്. എങ്കിലും ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ നഗരത്തിലും പരിസരത്തുമായി താമസമാക്കിയവരെ കുറിച്ച് വിവരം നല്‍കണമെന്ന് മലപ്പുറം സി.ഐ അറിയിച്ചു. ചെറിയ ഗ്യാസ് സിലിണ്ടര്‍ വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.