ആലുവ: എറണാകുളം ആലുവയില്‍ പെട്രോള്‍ പന്പില്‍ നിന്ന് വന്‍ കവര്‍ച്ച. കെഎസ്ആര്‍ടിസി ഗാരേജിനടുത്തുള്ള പമ്പില്‍ നിന്നാണ് ആറര ലക്ഷം രൂപ കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആലുവ കെഎസ്ആര്‍ടിസി ഗാരേജിനടുത്തുള്ള എംഎം മൂപ്പന്‍ ബ്രദേഴ്‌സ് എന്ന പമ്പില്‍ നിന്നാണ് ലോക്കറോട് കൂടി പണം കവര്‍ന്നത്.
രാവിലെ പമ്പ് തുറന്നപ്പോഴാണ് മോഷണം നടന്നെന്ന് വ്യക്തമായത്. പമ്പിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്. പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്ന് രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഹെല്‍മറ്റും ഗ്ലൗസും ധരിച്ചയാള്‍ ജനല്‍ക്കമ്പികള്‍ അറുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അകത്ത് കയറിയ മോഷ്ടാവ് സിസിടിവി ക്യാമറ തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഹെല്‍മറ്റ് കണ്ടെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
