തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, ജോലിക്കാരി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മൂന്ന് ദിവസം മുന്പ് ജോലിക്കെത്തിയ പൊള്ളാച്ചി സ്വദേശി മാരിയമ്മക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. മുന്പും സമാനമായ രീതിയില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്.

മലപ്പുറം: തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, ജോലിക്കാരി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മൂന്ന് ദിവസം മുന്പ് ജോലിക്കെത്തിയ പൊള്ളാച്ചി സ്വദേശി മാരിയമ്മക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. മുന്പും സമാനമായ രീതിയില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്.

തിരൂര്‍ ആലിങ്ങല്‍ സ്വദേശി ഖാലിദിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുജോലിക്കാരി മാരിയമ്മ 10 മണിയോടെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കുകയായിരുന്നു. ഖാലിദും ഭാര്യ സൈനബയും മകള്‍ ഫിദയും ജ്യൂസ് കുടിച്ചതോടെ ബോധരഹിതരായി. രാവിലെ ഒമ്പത് മണിയായിട്ടും ആരെയും വീടിന് പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സൈനബ അണിഞ്ഞിരുന്ന വളകളും മാലയും മോഷണം പോയിട്ടുണ്ട്. വീട്ടിലെ രണ്ട് മുറികളിലെ അലമാരയും തുറന്ന നിലയിലാണ്. ഇതിനുള്ളില്‍നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വീട്ടുകാര്‍ തിരിച്ചെത്തിയാലേ വ്യക്തമാകൂ. 

അഞ്ച് വര്‍ഷം മുന്പ് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കോയന്പത്തൂര്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയിലുമുള്ള വീടുകളില്‍ മാരിയമ്മ സമാനമായ രീതിയില്‍ മോഷണം നടത്തിയിരുന്നു. പാലക്കാട്ടെ വീട്ടില്‍നിന്ന് 17 പവനും കോയന്പത്തൂരില്‍നിന്ന് 18 പവന്‍ സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. രണ്ട് കേസുകളിലും മാരിയമ്മയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.