ബീവറേജസ് ഔട്ട് ലെറ്റ്  കുത്തിത്തുറന്ന് വിദേശമദ്യം മോഷ്ടിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപുള്ളിയായ യുവാവ് മലപ്പുറം കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായി. തൃശൂര്‍ അബ്ദുള്‍ റഹീം ആണ് പിടിയിലായത്.

മലപ്പുറം എടപ്പാള്‍ കണ്ടനകത്തെ ബീവറേജ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം വിലമതിക്കുന്ന വിദേശമദ്യവും പണവും മോഷ്ടിച്ച കേസില്‍ പിടികിട്ടാപുള്ളിയാണ് പിടിയിലായ അബ്ദുള്‍ റഹീം.വീടുകള്‍ കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുണ്ട്. മാലമോഷണം നടത്തുന്നതിലും വിദഗ്ധനാണ് പ്രതി അബ്ദുറഹീമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് സംശയാസ്പദമായി കണ്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണകുറ്റങ്ങള്‍ ഓരോന്നായി പുറത്തുവന്നത്.ലക്ഷങ്ങളുടെ വിലയുള്ള കന്നുകാലികളെ മോഷ്ടിച്ച കേസും പ്രതിക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.അബ്ദുള്‍ റഹീമിനെ കേന്ദ്രീകരിച്ച് കൂട്ടു പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൊലീസ് ശക്തമാക്കും.