കാസര്‍കോഡ്: വൃദ്ധദമ്പതികളെ കത്തികാണിച്ച് ഭീഷണിപെടുത്തി വൻ കവര്‍ച്ച. മഞ്ചേശ്വരം കടമ്പാര്‍ക്കോട്ടയിലാണ് സംഭവം. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചെത്തിയ നാലംഗ
സംഘം കാറും സ്വര്‍ണാഭരണങ്ങളും പണവും മൊബൈല് ഫോണുകളും കവര്‍ന്നു.
കടമ്പാര്‍ക്കോട്ടയിലെ രവീന്ദ്രന്‍റെ നാഥ് ഷെട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാലംഗസംഘം രവീന്ദ്രനാഥ് ഷെട്ടിയുടെ
വീട്ടില്‍ അതിക്രമിച്ച് കയറിയത്.കവര്‍ച്ചാ സംഘം വീടിന്‍റെ ഒന്നാം നിലയിലെ അലമാര കുത്തിത്തുറന്ന് 10 പവൻ സ്വര്ണാഭരണങ്ങളും 42000 രൂപയുമായി താഴെ
ഇറങ്ങുന്നതിനിടയില്‍ ശബ്ദംകേട്ട് രവീന്ദ്രനാഥ് ഷെട്ടിയും ഭാര്യ മഹാലക്ഷ്മിയും ഉണര്ന്നു . ബഹളംവെക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം
രവീന്ദ്രനാഥ് ഷെട്ടിക്ക് നേരെ കത്തിവീശി. തടയാന്‍ ശ്രമിച്ച ഭാര്യയുടെ കൈക്ക് ചെറിയ മുറിവേറ്റു.പിന്നീട് കത്തികാട്ടി ഭീഷണിപ്പെടുത്തി
മഹാലക്ഷമിയുടെ കയ്യിലുണ്ടായിരുന്ന വളകളും മറ്റു ആഭരണങ്ങളും സംഘം ഊരിവാങ്ങി. വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈല് ഫോണുകളും സംഘം എടുത്തു. കാറിന്‍റെ താക്കോല്‍ കൈക്കലാക്കിയസംഘം പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറുമായാണ് കടന്നുകളഞ്ഞത്.
കവര്‍ച്ചക്കാര്‍ ഹിന്ദി, തുളു, കന്നഡ, മലയാളം ഭാഷകളിലാണ് സംസാരിച്ചിരുന്നത്.രവീന്ദ്രനാഥ് ഷെട്ടി വിവരം അറിയിച്ചതിനെതുടര്ന്ന്
സ്ഥലത്തെത്തിയ പൊലീസ് പ്രതികള്ക്കു വേണ്ടി വ്യാപകമായ തെരച്ചില്‍ തുടങ്ങി.
