ഇന്നലെ റോബർട്ട് വദ്രയുടെ ഓഫീസുകളിൽ നടന്ന റെയ്ഡുകളിലാണ് സംശയകരമായ ഇടപാടുകൾ കണ്ടെത്തിയത്. അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ചോദ്യം ചെയ്യാൻ ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്ഡുകൾ.

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര വിദേശത്ത് വാങ്ങിക്കൂട്ടിയ സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി സൂചന. ചില തന്ത്രപ്രധാനമായ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇന്നലെ എൻഫോഴ്സ്മെന്‍റ് വദ്ര അസോസിയേറ്റ്‍സിന്‍റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. വദ്രയുടെ ദില്ലി, ബംഗലുരു ഓഫീസുകളിൽ നടന്ന റെയ്ഡിൽ വിദേശത്ത് വദ്ര നടത്തിയ ചില സംശയകരമായ ഇടപാടുകളുടെ വിവരങ്ങളാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചതെന്നാണ് സൂചന. 

ഇന്ത്യയിലും ലണ്ടനിലും ഉള്ള ചില സ്വത്ത് വിവരങ്ങളും ഇടപാടുകളുമാണ് എൻഫോഴ്സ്മെന്‍റ് പരിശോധിയ്ക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

Scroll to load tweet…

വദ്രയുമായി ബന്ധപ്പെട്ട മൂന്ന് പേർക്ക് ചില പ്രതിരോധ ഇടപാടുകളിൽ ഇടനില നിന്നതിന് കമ്മീഷൻ ലഭിച്ചെന്നും ആ തുകയ്ക്ക് വിദേശത്ത് സ്വത്ത് വാങ്ങി നിക്ഷേപം നടത്തിയെന്നും കണ്ടെത്തിയെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഒളിവിൽ പോയ ഒരു ആയുധ ഇടപാടുകാരനുമായി നടത്തിയ ഇടപാടുകൾ റെയ്ഡിൽ കണ്ടെത്തിയെന്നാണ് സൂചന. ഇടപാടുകൾ ഒന്നും രണ്ടും വർഷം മാത്രം മുമ്പ് നടന്നതാണ്. 

എന്നാൽ ഏത് ആയുധ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടക്കുന്നതെന്ന് എൻഫോഴ്സ്മെന്‍റ് വെളിപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് സംശയത്തിന്‍റെ നിഴലിലുള്ള ഇടപാടിൽ പങ്കാളികളായെന്നതും എൻഫോഴ്സ്മെന്‍റ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നുമാണ് എൻഫോഴ്സ്മെന്‍റ് പറയുന്നത്.

അഗസ്റ്റ-വെസ്റ്റ്‍ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ വിവാദ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ യുഎഇയിൽ നിന്ന് ചോദ്യം ചെയ്യാനായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് റെയ്ഡെന്നതാണ് ശ്രദ്ധേയം.

എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ നടത്തുന്ന വില കുറഞ്ഞ കളികളെന്നാണ് വദ്രയുടെ അഭിഭാഷകൻ ആരോപിച്ചത്. സെർച്ച് വാറണ്ട് പോലുമില്ലാതെയാണ് എൻഫോഴ്സ്മെന്‍റ് അധികൃതർ വദ്ര അസോസിയേറ്റ്സിൽ റെയ്ഡ് നടത്തിയതെന്നും വദ്രയുടെ അഭിഭാഷകൻ സുമൻ ജ്യോതി ഖൈതാൻ ആരോപിച്ചു. 

രാഷ്ട്രീയപകപോക്കലിന് വേണ്ടി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

Scroll to load tweet…