ഉന്നംവച്ച  കിളിയുടെ കഴുത്ത് മാത്രം കണ്ട അർജ്ജുനനെപ്പോലെ ഗോൾവല മാത്രമായിരുന്നു ബാജിയോയുടെ ലക്ഷ്യം. ആ ലക്ഷ്യം അനായാസമെന്ന് തോന്നും വിധം ബാജിയോ സാക്ഷാത്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.

ഫിഫ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച പത്തു ലോകകപ്പ് ഗോളുകളിൽ ഏഴാമത്തെ ഗോളാണ് റോബർട്ടോ ബാജിയോയുടേത്. 1990 ലോകകപ്പിൽ അക്ഷരാർത്ഥത്തിൽ താരമായിരുന്നു ബാജിയോ. ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളും ബാജിയോയുടേതായിരുന്നു.

ചെക്കോസ്ലോവാക്കിയക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിലാണ് ബാജിയോയുടെ ക്ലാസിക് ഗോൾ. സാൽവതോറെ ഷില്ലാച്ചിയുടെ ഗോളിന് ഇറ്റലി മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ അന്ത്യപാദത്തിലായിരുന്നു ബാജിയോയുടെ ഗോൾ.

മൈതാനമധ്യത്തിൽ നിന്നും കാലിൽ കൊരുത്ത പന്തുമായി മുന്നോട്ടു കുതിച്ച ബാജിയോ തനിയെ മുന്നേറുമോ പന്ത് കൈമാറുമോ എന്ന ആശങ്കയിലായിരുന്നു പ്രതിരോധനിര. ബാജിയോ ഒറ്റയാൾ പട്ടാളമാണെന്ന് കണ്ട് , തടയാനെത്തുമ്പോഴേക്കും, അസാധാരണമായ ഡ്രബ്ലിംഗിലൂടെ ബാജിയോ അവരെ മറികടന്ന് മുന്നോട്ടുകുതിച്ചിരുന്നു.

ഉന്നംവച്ച കിളിയുടെ കഴുത്ത് മാത്രം കണ്ട അർജ്ജുനനെപ്പോലെ ഗോൾവല മാത്രമായിരുന്നു ബാജിയോയുടെ ലക്ഷ്യം. ആ ലക്ഷ്യം അനായാസമെന്ന് തോന്നും വിധം ബാജിയോ സാക്ഷാത്കരിച്ചു.