തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാൽ കോട്ടക്കലിൽ പാറമട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. പാറമടയിലെ മണ്ണ് മാന്തിയന്ത്രത്തിന്റെ ഡ്രൈവർ സേലം സ്വദേശി സതീഷ്, മാലക്കുളങ്ങര സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. രാവിലെ ഒൻപതരയോടെയാണ് ദുരന്തം ഉണ്ടായത്.
പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിൽ വെള്ളറട സ്വദേശി അജിയുടെ കാൽ, മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. കോട്ടക്കൽ ശാസ്താംപാറയിലെ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് അപകടം.പാറപൊട്ടിക്കുന്നതിനിടെ മുകളിൽ നിന്നും പാറക്കഷ്ണങ്ങൾ താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. എഴുപത്തിയഞ്ചോളം അടി ഉയരത്തിൽ നിന്നാണ് പാറക്കഷ്ണങ്ങൾ താഴേക്ക് പതിച്ചത്. തൊഴിലാളികൾ പാറകൾക്കിടയിൽപെട്ടു.
അനുമതിയില്ലാതെ പ്രവർത്തിച്ച പാറമടയിലാണ് അപകടം ഉണ്ടായത്. ഈ മേഖലയിലെ പാറമടകളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. സർക്കാറിന്റ വിവിധ വകുപ്പുകളുടേയും കുന്നത്തുകാൽ പഞ്ചായത്തിന്റെയും അനുമതി ഇല്ലാതെയാണ് പാറമടയുടെ പ്രവർത്തനം. ശാസ്താംപറയിൽ അടുത്തടത്ത് അഞ്ച് പാറമടകളാണ് ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്നത്. സ്ഥലത്തെത്തിയ ജില്ലാ കലക്ടറർക്ക് മുന്നിൽ പാറമടക്കെതിരെ നാട്ടുകാർ പരാതി ഉന്നയിച്ചു. അനുമതിയില്ലാതെ പാറമട പ്രവർത്തിച്ചതിനെ കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കും.


