ദില്ലി: റോഹിംഗ്യന്‍ വംശജര്‍ക്ക് അഭയം നല്‍കണമെന്ന ബിജെപി എം പി വരുണ്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്ര മന്ത്രി ഹന്‍സരാജ് അഹിര്‍. ദേശീയ താല്‍പര്യം ആദ്യം പരിഗണിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ദേശീയ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന വ്യക്തികള്‍ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

റോഹിംഗ്യകളെ സംരക്ഷിക്കാനായി ദേശീയ അഭയാര്‍ത്ഥി പോളിസി രൂപികരിക്കണമെന്ന് ഒരു ഹിന്ദി ദിനപത്രത്തിലായിരുന്നു വരുണ്‍ ഗാന്ധി പറഞ്ഞത്. മ്യാന്‍മറില്‍ നിന്നും അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തുന്ന അഭയാര്‍ത്ഥികള്‍ വലിയ വിവേചനം നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് ജോലി പോലും ലഭിക്കുന്നില്ലെന്നും വരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍ റോഹിംഗ്യകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നാണ് സുപ്രീം കോടതിയില്‍ ബിജെപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതാദ്യമായാണ് ബിജെപിയില്‍ നിന്ന് റോഹിംഗ്യകള്‍ക്ക് വേണ്ടി ഒരാള്‍ ശബ്ദമുയര്‍ത്തുന്നത്.