ശ്രീന​ഗർ: റോഹിങ്ക്യൻ അഭയാർത്ഥികളെ ജമ്മു കാശ്മീരിലെ കാർ​ഗിലിൽ കണ്ടെത്തിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ റിപ്പോർട്ട്. അമ്പത്തിമൂന്ന് പേരാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി ഇവിടെ ജീവിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവർ നിയന്ത്രണരേഖ മുറിച്ച് കടക്കാതിരിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ ജാ​ഗ്രതയിലാണ്. 

ഇവിടെ താമസിക്കുന്ന 53 പേരിൽ മിക്കവരും റോഡ് നിർമ്മാണ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇവർ നിരീക്ഷണത്തിലാണ്. വെസ്റ്റ് ബം​ഗാളിൽ ഇപ്പോൾ 29 റോഹിങ്ക്യൻ അഭയാർത്ഥികളാണുള്ളത്. ഇതിന് മുമ്പ് നൂറു പേരോളം ഇവിടെ താമസിച്ചിരുന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബം​ഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ പലരും ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയിലെ പല മുസ്ലീം സംഘടനകളും ഇവരെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിച്ചിരുന്നു. ബം​ഗാളിലെ റോഹിങ്ക്യൻസിന് ഇവർ വീട് വച്ച് നൽകുകയും ചെയ്തിരുന്നു. പശ്ചിമബം​ഗാളിലെ 24 പാർ​ഗനാസ് ജില്ലയിലാണ് നാൽപതോളം സംഘടനകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുന്നത്. ബം​ഗ്ലാദേശ്, ജമ്മു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻസ് ബം​ഗാളിലേക്ക് തിരികെയെത്താൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 

ബം​ഗാളിൽ റോഹിങ്ക്യകൾക്ക് വീട് നിർമ്മിച്ച് നൽകുന്നത് വഴി ഇവർക്ക് പൗരത്വം ലഭ്യമാക്കുകയാണ് സംഘടനകളുടെ ലക്ഷ്യമെന്നും അന്വേഷണ ഏജൻസികൾ സംശയമുന്നയിക്കുന്നുണ്ട്. നിരവധി റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏജന്റുമാർ മുഖേന ബം​ഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്.