ദില്ലി: ഇന്ത്യയിലുള്ള റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ത്ഥികളല്ല, അനധികൃത കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് രാജ്നാഥ് സിംഗിന്‍റെ പരാമര്‍ശം. റോഹിംഗ്യന്‍ വംശജരെ തിരികെ കൊണ്ടു പോകാമെന്ന് മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സുചി പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നം ലോകം ചര്‍ച്ച ചെയ്യുമ്പോളാണ് ഇവര്‍ അഭയാര്‍ത്ഥികള്‍ പോലുമല്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞത്. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ എച്ച് എല്‍ ദത്തു  കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തോട് പരസ്യമായി വിയോജിച്ചു

ഇതൊരു മനുഷ്യാവകാശ വിഷയം തന്നെയാണെന്ന് ദത്തു പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‍നം ചര്‍ച്ചയാകും.