തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട മരിയദാസന്‍റെ അയല്‍വാസികളായിരുന്ന ദമ്പതികളെയും ഇവരുടെ സുഹൃത്തിനെയുമാണ് തിരുവനന്തപുരം ഷാഡോ പോലീസിന്‍റെ പിടിയിലായത്. അയല്‍വാസികളായ വിനു, ഭാര്യ എന്നിവരെയും ഇവരുടെ സുഹൃത്തിനെയും തിരുനെല്‍വേലിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഇവര്‍ പാറശാല സ്വദേശികളാണ്. മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വിനു മുന്‍പ് മോഷണക്കേസില്‍ പ്രതിയായിരുന്നു. മരിയദാസന്‍റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല വിനു ഭാര്യയ്ക്ക് നല്‍കിയിരുന്നു.
ഈ മാല ഇവര്‍ ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരുന്നു. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് ഭാര്യയെ അറസ്റ്റു ചെയ്തത്. മരിയദാസനൊപ്പം വെട്ടേറ്റ ഭാര്യ ഷീജയുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ചികിത്സയിലാണ്.
മുഖത്തും തലയിലുമായി മൂന്നു വെട്ടുകളാണ് ഷീജയ്ക്ക് ഏറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്ന രണ്ടു പേരെയും മക്കളാണ് കണ്ടെത്തി അയല്‍ക്കാരെ വിവരം അറിയിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തിക്കും മുന്‍പ് മരിയദാസന്‍ മരിച്ചിരുന്നു.
