ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റൊണാള്‍ഡോ റയല്‍ വിട്ടത്

മാഡ്രിഡ്: ഇപ്പോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടം ഏതാകും? ലോകകപ്പ് ഫെെനലും കൂടെ കഴിഞ്ഞാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ. റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോയും തന്‍റെ മുന്‍ ക്ലബ്ബായ സ്പാനിഷ് വമ്പന്മാരുമായി ഏറ്റുമുട്ടുമ്പോള്‍ അതിന്‍റെ വ്യാപ്തി ഭീകരമായിരിക്കും.

റയല്‍ മാഡ്രിഡ് എന്നും യൂറോപ്യന്‍ വേദിയില്‍ അതികായരാണ്. ചാമ്പ്യന്‍സ് ലീഗില്‍ അവര്‍ തുടര്‍ച്ചായായി മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കിയത് തന്നെ ഉദാഹരണം. എന്നും യുവന്‍റസിന് ബാലികേറാമല ആയിരുന്നു റയല്‍ മാഡ്രിഡ്. അതിന്‍റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടം.

അന്ന് സ്പാനിഷ് ക്ലബ്ബിനെ വിജയത്തിലെത്തിച്ച റൊണാള്‍ഡോ ഇനി ഇരു ടീമുകളും തമ്മില്‍ എതിരിടുമ്പോള്‍ യുവന്‍റസിനൊപ്പമായിരിക്കും ഉണ്ടാവുക. അതിന് അടുത്ത ചാമ്പ്യന്‍സ് ലീഗ് വരെ കാത്തിരിക്കേണ്ടി വരില്ല.

ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ അടുത്ത മാസം അഞ്ചിന് റയല്‍ മാഡ്രിഡും യുവന്‍റസും തമ്മില്‍ കൊമ്പ് കോര്‍ക്കും. മികച്ച ക്ലബ്ബുകള്‍ എതിരിടുന്ന ചാമ്പ്യന്‍സ് കപ്പിന്‍റെ ആറാമത്തെ എഡിഷനാണ് നടക്കാന്‍ പോകുന്നത്. ബാഴ്സയും മാഞ്ചസ്റ്റര്‍ യുണെെറ്റഡും ബയേണും അടക്കമുള്ള മുന്‍നിര ക്ലബ്ബുകള്‍ എല്ലാം മാറ്റുരയ്ക്കുമ്പോഴും യുവെയും റയലും തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് ലോകം കാത്തിരിക്കുന്നത്. 

നാലു വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ വമ്പന്‍മാരുമായി ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടത്. 805 കോടിയാണ് കൈമാറ്റ തുക. റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളാണ് റൊണാള്‍ഡോ പേരിലെഴുതിയത്. അഞ്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നാലും സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിനൊപ്പവും.

കൂടാതെ, നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍, മൂന്ന് ഗോള്‍ഡന്‍ ബൂട്ട്, രണ്ട് ലാലിഗ കിരീടങ്ങള്‍. മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് വീതം സ്‌പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍ റേയും നേടിയെടുക്കാന്‍ പോര്‍ച്ചുഗീസ് താരത്തിന് കഴിഞ്ഞു.