സംസ്ഥാനത്തെ മല്‍സ്യഫെഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അറുനൂറിലധികം വരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ ഭൂരിപക്ഷവും ചിലരുടെ സ്ഥാപിത താല്‍പര്യം നടപ്പാക്കാനുള്ള സംവിധാനമാക്കി മാറ്റിയെന്ന് റോവിംഗ് റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. നിരവധി സംഘങ്ങളില്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന് ബോധ്യപ്പെട്ടിട്ടും കര്‍ശന നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. കോഴിക്കോട്ടെ ചാലിയം ബേപ്പൂര്‍ സഹകരണ സംഘത്തില്‍ അഴിമതി കണ്ടെത്തിയ മല്‍സ്യഫെഡ് ജില്ലാ മാനേജറെ മല്‍സ്യഫെഡ് ജനറല്‍ബോഡി യോഗത്തില്‍ വച്ച് കയ്യേറ്റം ചെയ്തു.

ടിവി രമേശന്‍ മല്‍സ്യഫെഡ് കോഴിക്കോട് ജില്ലാ കേന്ദ്രം മാനേജറായിരുന്നു ആറു മാസം മുമ്പ് വരെ. വിരമിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കെ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം എറണാകുളത്ത് വച്ച് നടന്ന മല്‍സ്യഫെഡ് ജനറല്‍ ബോഡി യോഗത്തില്‍ വച്ച് ചാലിയം ബേപ്പൂര്‍ സഹകരണ സംഘം പ്രസി‍ഡണ്ട് വാളക്കട അഷറഫ് ഇദ്ദേഹത്തെ സ്റ്റേജിലേക്ക് കയറിച്ചെന്ന് ഷര്‍ട്ടിന് കുത്തിപ്പിടിച്ചു. ചാലിയം ബേപ്പൂര്‍ മല്‍സ്യത്തൊഴിലാളി സംഘത്തിലെ ലക്ഷങ്ങളുടെ വെട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലാണ് കയ്യേറ്റം. ഈ സഹകരണ സംഘം പ്രസിഡണ്ട് ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു. മാനഹാനിയുണ്ടായതിനാലും വേണ്ടത്ര പിന്തുണ കിട്ടാത്തതിനാലും അഴിമതിക്കെതിരെ പ്രവര്‍ത്തിച്ച മികച്ച ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ തീരുമാനമെടുത്തു. അഴിമതിക്കെതിരെ മല്‍സ്യഫെഡില്‍ നടപടിയെടുത്താല്‍ പിന്തുണ കിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.


സഹകരണ സംഘത്തില്‍ നടന്ന അഴിമതി കയ്യോടെ പിടിച്ച ഉദ്യോഗസ്ഥനായതു കൊണ്ടാണ് ടിവി രമേശനെ കയ്യേറ്റം ചെയ്തതെന്ന് മല്‍സ്യഫെഡ് ചെയര്‍മാന്‍ വി ദിനകരന്‍ സമ്മതിക്കുന്നുണ്ട്


പക്ഷേ മല്‍സ്യഫെഡ് ചെയര്‍മാന്‍റെ തൊട്ടടുത്ത് വച്ച് നടന്ന സംഭവം അറിഞ്ഞില്ലെന്നാണ് ദിനകരന്‍ പറയുന്നത്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വിട്ടുവീഴ്ച വേണമെന്നും വി ദിനകരന്‍ പറയുന്നു. രമേശനെ പോലെ മല്‍സ്യഫെഡിലും സഹകരണ സംഘത്തിലും നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കനുമായി നിലപാടെടുക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. വിവിധയിനങ്ങളിലായി കോടികള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ അത് എങ്ങനെ ചെലവഴിക്കുന്നുവെന്ന് പലപ്പോഴും അറിയിക്കാറുപോലുമില്ല. കോഴിക്കോട് ജില്ലയില്‍ മാത്രം 15 ലേറെ സംഘങ്ങളില്‍ ഇത്തരം തിരിമറികള്‍ കണ്ടെത്തി. ഒരു നടപടിയും ഇന്നേവരെ എടുത്തിട്ടുമില്ല. മല്‍സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കോടികള്‍ വാരിയെറി‍ഞ്ഞിട്ടും ഒന്നും എങ്ങുമെത്തുന്നില്ല.