നിലമ്പൂര്‍: സമൂഹം ഏറെ പുരോഗമിച്ചെങ്കിലും ബഹുഭാര്യാത്വത്തിന്‍റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരു വിഭാഗം ഇന്നുമുണ്ട്. എട്ടാമത്തെ വിവാഹത്തിനൊരുങ്ങുന്ന ഭര്‍ത്താവിനെ പിന്തിരിപ്പിക്കാൻ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും പിന്തുണ കിട്ടുന്നില്ലെന്ന് മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയായ യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു, ഭര്‍ത്താവിന്‍റെ അഞ്ചാം ഭാര്യയാണ് താനെന്ന് യുവതി അറിഞ്ഞത് കുട്ടിയുണ്ടായി 2 വര്‍ഷത്തിനു ശേഷമാണ്.

എനിക്ക് മുൻപ് 4 പേര്‍ . എനിക്ക് ശേഷം രണ്ടുപേര്‍. സ്വന്തം ഭര്‍ത്താവിന്റെ മറ്റ് ഭാര്യമാരുടെ എണ്ണം പറയുമ്പോള്‍ നിസ്സഹായതയും നിസംഗതയുമായരുന്നു അവളുടെ മുഖത്ത്. 2005ലായിരുന്നു ഇരുവരുടേയും വിവാഹം. കുട്ടിയുണ്ടായതിന് ശേഷമാണ് താൻ പലരിൽ ഒരാളെന്ന് അവൾ തിരിച്ചറിഞ്ഞത്.
2010ൽ ഭര്‍ത്താവ് ആറാമതും വിവാഹത്തിനൊരുങ്ങിയപ്പോൾ അവൾ ആദ്യം ഞെട്ടി . പിന്നെ പൊലീസിൽ കേസ് നൽകി കല്യാണം തടഞ്ഞു.എന്നാൽ ഇതിനെയൊന്നും വകവയ്ക്കാതെ അയാൾ ആറാമതും ഏഴാമതും വിവാഹിതനായി. ഇപ്പോൾ എട്ടാമതും വിവാഹത്തിനൊരുങ്ങുന്നു.
55 വയസ്സുകാരനായ ഇവരുടെ ഭര്‍ത്താവിന് 7 ഭാര്യമാരിലായി 11 കുഞ്ഞുങ്ങളുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവും പ്രായം ചെന്നിട്ടും വിവാഹം നടക്കാത്തവരും രണ്ടാം വിവാഹക്കാരുമാണ് അയാളുടെ ഇരകളെന്ന് ഭാര്യ തന്നെ പറയുന്നു. ഇസ്ലാംമതപ്രകാരം ഒന്നിലേറെ വിവാഹം കഴിക്കാമെന്ന ന്യായം പറഞ്ഞ് എട്ടും പത്തും വിവാഹം കഴിക്കുന്ന പുരുഷൻമാരും അവരെ ചോദ്യം ചെയ്യാതെ മൗനം പാലിക്കുന്ന ബന്ധുക്കളും ഇന്നുമൊരു കയ്പേറിയ യാഥാര്‍ത്ഥ്യം തന്നെയാണ്.
സ്ത്രീകളെ ശാരീരകമായി ചൂഷണം ചെയ്യാനുളള വഴികളിലൊന്നാണ് ബഹുഭാര്യാത്വമെന്ന ഈ ദുരാചാരവും. മാനക്കേടോര്‍ത്തും ശാരീരികപീഡനങ്ങൾ ഭയന്നും വിധിയെപ്പഴിച്ചും ഈ ദുരിതം സഹിക്കുകയാണ് ഇവളെപ്പോലെ പല സ്ത്രീകളും.
