അരീക്കോട്: സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടികൾ ഇഴയുന്നതിനാൽ നീതി കിട്ടാത്ത ഇരകളുടെ എണ്ണം കൂടി വരികയാണ്. പ്രായപൂര്‍ത്തിയാകും മുൻപേ കൂട്ട ബലാത്സംഗത്തിനിരയായ മലപ്പുറം അരീക്കോട് സ്വദേശിനിയായ 24കാരി ഇതിന് ഒരുദാഹരണം മാത്രം. മയക്കുമരുന്നിനിരയാക്കി പെൺവാണിഭസംഘം പിച്ചിച്ചീന്തിയ പെൺകുട്ടിയുടെ കേസ് 6 വര്‍ഷമായിട്ടും വിചാരണ പോലും തുടങ്ങാതെ കോടതിയിൽ കെട്ടിക്കിടക്കുകയാണ്. 40 പേര്‍ ബലാത്സംഗം ചെയ്തെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് 9 പേര്‍ മാത്രമാണെന്ന് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പതിനാലാം വയസ്സിൽ അയൽവാസിയാണ് അവളെ ആദ്യം ബലാത്സംഗം ചെയ്തത് . പിന്നെ അയാളുടെ സുഹൃത്തുക്കൾ. ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച അവളെ മയക്കുമരുന്നിന് അടിമയാക്കി വരുതിയിൽത്തന്നെ നിര്ത്തി അവര്‍ പലര്‍ക്കും കാഴ്ച വച്ചു. ലഹരിയുടെ ആഴങ്ങളിൽ ശരീരവും മനസ്സും ഛിന്നഭിന്നമായ ആ കാലത്ത് അവൾ ഗര്‍ഭിണിയായി. 

അതും പതിനേഴാം വയസ്സിൽ . ഗര്‍ഭകാലത്തിന്റെ 9 മാസം വരെ സംഘം അവളെ പെൺവാണിഭത്തിന് ഉപയോഗിച്ചു. പ്രസവമടുത്തപ്പോൾ മാത്രം പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞ അവൾ 2011ൽ കുട്ടിയുണ്ടായതിന് ശേഷമാണ് കേസ് നൽകിയത്. കൂട്ടബലാത്സംഗക്കേസിൽ ആകെ 9 പ്രതികൾ. നാലാം പ്രതിയായ സുഹൈൽ തങ്ങൾ കോഴിക്കോട്ട് ബംഗ്ലാദേശി പെൺകുട്ടികളെ ഉപയോഗിച്ചുളള വാണിഭക്കേസിലും പ്രതിയാണ്. തന്നെ പിച്ചിച്ചീന്തിയ പലരും മാന്യതയുടെ മുഖംമൂടിയണിഞ്ഞ് ചുറ്റുപാടുമുണ്ടെന്നും അവരിലേക്കൊന്നും അന്വേഷണം നീണ്ടില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു

6 വര്‍ഷം കഴിഞ്ഞും കേസ് പ്രരംഭ ദശയിൽ തന്നെ തുടരുമ്പോള്‍ കോടതിമുറിയിലെ ചുവപ്പുനാടയിൽ കുരുങ്ങിയ നീതിയിൽ അവൾക്ക് പ്രതീക്ഷയില്ലാതായിക്കഴിഞ്ഞു. പീഡനകാലത്തിന്‍റെ ബാക്കിപത്രമായി അവൾക്കിപ്പോൾ 6 വയസ്സായ ഒരു പെൺകുട്ടിയുണ്ട്. കുട്ടിയുടെ പിതൃത്വം കണ്ടെത്തി അയാളിൽ നിന്നും ജീവനാംശം നേടിയെടുക്കണമന്നാണ് അവളുടെ ആഗ്രഹം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ സത്രീകൾക്കെതിരായ ബലാത്സംഗക്കേസുകൾ മൂന്നിരട്ടിയും കുട്ടികൾക്കെതിരായ ബലാത്സംഗക്കേസുകൾ അഞ്ചിരട്ടിയുമായാണ് കൂടിയത്. എന്നാൽ കോടതികളിൽ നിന്നും തീർപ്പുണ്ടാകുന്ന കേസുകളുടെ എണ്ണം നാമമാത്രമാവും. നീതിദേവതയുടെ കടാക്ഷം കിട്ടാൻ വൈകുന്നിടത്താണ് കുറ്റവാളികളുടെ കൂസലില്ലായ്മ കൂടുന്നത്, കുറ്റങ്ങളുടെ എണ്ണവും.