മുൻവർഷങ്ങളേക്കാൾ തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞുവെന്ന് ശശികുമാര വര്‍മ്മ. പരിചയമില്ലാത്ത ആളുകൾ കൊട്ടാരത്തിൽ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ.
പന്തളം: മുൻ വർഷങ്ങളേക്കാൾ തിരുവാഭരണ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. പരിചയമില്ലാത്ത ആളുകൾ കൊട്ടാരത്തിൽ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
സുരക്ഷ കൃത്യമായി പ്രവർത്തിച്ചാൽ തിരുവാഭരണം സുരക്ഷിതമായി എത്തും. സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ അകറ്റാൻ ഇടയാക്കില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്. ഘോഷയാത്രക്ക് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
