തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥ കുളത്തിലെ കല്‍മണ്ഡപങ്ങള്‍ പൊളിച്ചതിനെതിരെ രാജകുടുംബാംഗങ്ങളുടെ പ്രതിഷേധം. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായുടെ നേതൃത്വത്തില്‍ രാവിലെ കുളത്തിലിറങ്ങി പ്രതിഷേധിച്ചു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ നീണ്ടും ഭരണസമിതി യോഗം ചേരും.

ഇന്നലെയാണ് രണ്ട് കല്‍മണ്ഡപങ്ങള്‍ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചതോടെയാണ് പത്മതീര്‍ത്ഥകുളം നവീകരണം വീണ്ടും വിവാദത്തിലായത്. ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കെയാണ് രാജകുടുംബവും ഇന്ന് രാവിലെ സ്ഥലത്തെത്തി പരാതി ഉന്നയിച്ചത്. അതേ സമയം കേടുവന്ന തൂണുകള്‍ പൊളിക്കാന്‍ നേരത്തെ തീരുമാനമായതാണെന്ന് നിര്‍മ്മിതി കേന്ദ്രം അധികാരികള്‍ അറിയിച്ചു. 

നവീകരണം എങ്ങനെ നടത്തണമന്നതിലെ തര്‍ക്കമാണ് ഇപ്പോഴും തുടരുന്നത്. പൈതൃകസ്വഭാവം നിലനിര്‍ത്തണമെന്നാണ് സുപ്രീം കോടതി നിയോഗിച്ച സംരക്ഷണ സമിതിയുടെ നിലപാട്. നവീകരണത്തെ ചൊല്ലി സംരക്ഷണ സമിതിയും ക്ഷേത്ര ഭരണസമിതിയും തമ്മില്‍ ഭിന്നതയുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തിവച്ചു.