ഒമാനിലെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടികൾ ശക്തമാക്കാന്‍ പോലീസ് നീക്കങ്ങൾ ആരംഭിച്ചു. പരിശോധനകൾ വ്യാപിപ്പിക്കാനാണ് റോയൽ ഒമാൻ പോലീസിന്റെ തീരുമാനം.

രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അക്രമങ്ങളും മോഷണങ്ങളും വര്‍ദ്ധിച്ചിട്ടുള്ളതായി റോയല്‍ ഒമാന്‍ പൊലീസിന്റെ രേഖകൾ വ്യക്തമാക്കുന്നു. ഒമാന്റെ ഭൂപ്രകൃതി മയക്കു മരുന്ന് വ്യാപനത്തിന് വളരെ അനുകൂലമാണെന്ന് നേരത്തെ വിദഗ്ധര്‍ വിലയിരുത്തിയിട്ടുമുണ്ട്. രാജ്യത്തെ കടല്‍ തീരങ്ങളിലും മരുഭൂമിയിലുമാണ് ഏറ്റവും കൂടുതല്‍ മയക്കു മരുന്ന് ഇടപാടുകൾ നടക്കുന്നത്. കൂടാതെ കടല്‍ തീരങ്ങളില്‍ നിന്നും കിലോമീറ്ററുകളോളം അകലെ കടലിനുള്ളിൽ വെച്ചും കൂടുതൽ മയക്കു മരുന്ന് കൈമാറ്റങ്ങൾ നടന്നു വരുന്നു . മയക്കു മരുന്ന് വിതരണക്കാർ ഒമാന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി ഉത്പന്നങ്ങള്‍ കൈമാറുന്നത് മുൻകാലങ്ങളെക്കാൾ വര്‍ദ്ധിച്ചിരിക്കുകയാണ്.

ഹെറോയിന്‍ ആണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയ മയക്കു മരുന്നിൽ മുൻപന്തിയിലുള്ളത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിലും മുൻ വര്‍ഷങ്ങളേക്കാൾ വർദ്ധനവ് ഉള്ളതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നു. യുവാക്കളെയാണ് വിതരണക്കാര്‍ കൂടുതലായും ലക്ഷ്യം വെക്കുന്നത്. ആയതിനാൽ രാജ്യത്തെ യുവാക്കളും യുവതികളും മയക്കു മരുന്ന് ഉപയോഗത്തിന് അടിമകളാകുന്നത് വർധിച്ചു വരികയും ചെയ്യുന്നുണ്ട്. 
 രാജ്യത്തു ഇങ്ങനെയുള്ള സാഹചര്യം നിലനിൽക്കുന്നത് മൂലമാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നത്. 
മയക്കുമരുന്നിന് അടിമകളാകുന്നവരെ ചികിത്സിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ കൂടുതലായി ആരംഭിക്കാന്‍ സർക്കാർ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.