എടിഎമ്മുകളിലും പെട്രോൾ പമ്പുകളിലും വൻ തിരക്ക്. കയ്യിലുള്ള 1000, 500 രൂപ നോട്ടുകൾ ചില്ലറയാക്കാനുള്ള എളുപ്പവഴിയായി മിക്കവരും കണ്ടത് പെട്രോൾ പമ്പുകളെ. രാത്രി വൈകിവന്ന പ്രഖ്യാപനത്തെ തുടർന്ന് പലരും നേരെ പമ്പിലെത്തി. 500 രൂപ കൊടുത്ത്, നൂറും ഇരുന്നൂറും രൂപയ്ക്ക് പെട്രോളടിക്കും. ബാക്കി തുക നൂറുരൂപയായി പോക്കറ്റിൽ കിടക്കും.
അസാധുവായ നോട്ടുകൾ മാറിയെടുക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും റിസ്കെടുക്കാൻ വയ്യ. വിമാനത്താവളത്തിലടക്കം പല കടകളിലും അർദ്ധരാത്രിക്ക് മുമ്പുതന്നെ 500 ഉം ആയിരവും എടുക്കാചരക്കായി.
സൂക്ഷിച്ചുവച്ച ആയിരം രൂപ നോട്ട് ബാധ്യതയായപ്പോൾ, അവസരം ഉപയോഗപ്പെടുത്താൻ ചിലരെങ്കിലും മുന്നിട്ടിറങ്ങി. ചില ബ്രാൻഡഡ് വസ്ത്രശാലകൾ അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിച്ചു. എടിഎമ്മും ബാങ്കും തുറക്കില്ലെന്ന പ്രഖ്യാപനമാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്.
