ലക്‌നൗ: ‘റിവേഴ്‌സ് ലവ് ജിഹാദ്’ പദ്ധതി നടപ്പിലാക്കാന്‍ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ആറുമാസത്തിനുള്ളില്‍ മറ്റുമതങ്ങളില്‍ നിന്നുള്ള 2100 പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാനാണ് പദ്ധതിയിടുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്‍റിനെ ഉദ്ധരിച്ച് ഡെക്കാന്‍ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ലവ് ജിഹാദിന്’ ചുട്ടമറുപടിയെന്ന തരത്തിലാണ് ഇത് സംഘടിപ്പിക്കുകയെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ ഞങ്ങള്‍ മറുപടി നല്‍കും. ഇതിനായി ഓരോ ജില്ലയ്ക്കും ടാര്‍ഗറ്റ് നല്‍കും. 2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുകുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം പെണ്‍കുട്ടികളുമായി പ്രണയബന്ധമുളള, അവരെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന 150 ഹിന്ദു നേതാക്കളെ സംഘടനയ്ക്ക് അറിയാം. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹപ്രായമുള്ള ആണ്‍കുട്ടികളുള്ള ഒട്ടുമിക്ക ഹിന്ദു വീടുകളിലും ഹിന്ദു ജാഗരണ്‍ മഞ്ച് സന്ദര്‍ശനം നടത്തും. ഹിന്ദു പെണ്‍കുട്ടികളെ മരുമകളായി സ്വീകരിക്കണമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും.

 ഇത് ഹിന്ദുയിസത്തിന് ഏറ്റവും വലിയ സേവനമായിരിക്കുമെന്നും അവരെ പറഞ്ഞു മനസിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.‘ഞങ്ങള്‍ അവരെ പിന്തുണയ്ക്കുക മാത്രമല്ല, അവര്‍ക്ക് എല്ലാതരം സുരക്ഷയും നല്‍കും.’ അദ്ദേഹം പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ള കോളജുകള്‍ സന്ദര്‍ശിക്കാനും ഹിന്ദു ജാഗരണ്‍ മഞ്ച് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

‘കോളജുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും തലാഖ്, രണ്ടാം വിവാഹം തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ഹിന്ദു ആണ്‍കുട്ടികള്‍ക്കൊപ്പം അവര്‍ സുരക്ഷിതരായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. മുസ്‌ലിം കുടുംബങ്ങളേക്കാള്‍ സ്വാതന്ത്ര്യം ഹിന്ദു കുടുംബങ്ങളില്‍ ലഭിക്കും.’ ചൗഹാന്‍ പറഞ്ഞു.

മുസ്‌ലിം യുവാക്കളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു യുവാക്കള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ചുകൊണ്ട് പ്രണയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതരാവുന്ന മുസ്‌ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുമോയെന്ന് ചോദിച്ചപ്പോള്‍ ഹിന്ദു യുവാക്കളെ ആചാരപ്രകാരം വിവാഹം ചെയ്യുമ്പോള്‍ തന്നെ അവര്‍ ഹിന്ദുവായി മാറുമെന്നായിരുന്നു ചൗഹാന്റെ പ്രതികരണം.