Asianet News MalayalamAsianet News Malayalam

ഡിസി ബുക്സ് വഴങ്ങി; വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്കങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് എഴുതി നല്‍കി

ഡിസി ബുക്സ് തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ല. ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് ഡിസി ബുക്സിന്‍റെ വിശദീകരണം. 

rss agitation dc books exhibit meesa at  thrissur
Author
Thrissur, First Published Nov 10, 2018, 4:39 PM IST

തൃശൂര്‍:  തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ലെന്ന് എഴുതി നല്‍കി ഡിസി ബുക്സ്. ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് ഡിസി ബുക്സിന്‍റെ വിശദീകരണം. ഇത് സംബന്ധിച്ച് പാറമേക്കാവ് ദേവസ്വത്തിന് ഡിസി ബുക്സ് കത്ത് നല്‍കി. 

പുസ്തക മേളയോട് അനുബന്ധിച്ച് ഒരുവിധത്തിലുള്ള സാഹിത്യ ചര്‍ച്ചകളോ സംവാദങ്ങളോ പ്രസംഗങ്ങളോ പുസ്തക പ്രകാശന ചടങ്ങുകളോ സംഘടിപ്പിക്കില്ലെന്നും ഡിസി ബുക്സ് അറിയിച്ചിട്ടുണ്ട്. നേരത്തെ 'മീശ' നോവലിന്‍റെ പേരില്‍ ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാറിന്റെ ശ്രമം നടത്തിയിരുന്നു.  ഇന്നലെ വൈകീട്ട് മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. 

rss agitation dc books exhibit meesa at  thrissur

മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ ഡിസി ബുക്സ് മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികളാണ് എതിര്‍പ്പുയര്‍ത്തി ആദ്യം രംഗത്തെത്തിയത്. പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നും ഇവര്‍ വാദിച്ചു. 

മീശ വിവാദത്തിന് ശേഷം ചേര്‍ന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയില്‍ അഗ്രശാല പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഇപ്പോള്‍ ഹാള്‍ അനുവദിച്ചിരിക്കുന്നതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ.മഹേഷ് പറഞ്ഞു. അതേസമയം, മേളയ്ക്കായി ദേവസ്വം ഹാള്‍ നേരത്തെ തന്നെ ഡിസി അധികൃതര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിനായി പ്രത്യേകം  കരാറുണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കിയിരുന്നു. കരാര്‍ ലംഘിക്കുന്നെങ്കില്‍ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂവെന്നാണ് സെക്രട്ടറിയുടെ നിലപാട്. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍, ദേവസ്വം അധികൃതര്‍, ഡിസി ബുക്‌സ് പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാര്‍ തയ്യാറായിരുന്നില്ല. 

Follow Us:
Download App:
  • android
  • ios