തലശ്ശേരി ഫസല്‍ വധക്കേസില്‍ പുതിയ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ചെമ്പ്ര സ്വദേശി സുബീഷാണ് പൊലീസിന് കുറ്റസമ്മത മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. താനടക്കം നാല് പേര്‍ ചേര്‍ന്നാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. 

ആര്‍.എസ്.എസിന്റെ കൊടിമരവും ബോര്‍‍ഡും സ്ഥിരമായി നശിപ്പിച്ചതിലുള്ള വിരോധമായിരുന്നു കൊലയ്‌ക്ക് കാരണം. കൊലപാതകത്തിന് ശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വാങ്ങിവെച്ചത് മാഹിയിലെ തിലകന്‍ ചേട്ടനാണെന്ന് സുബീഷ് പൊലീസിനോട് സമ്മതിച്ചത്. പിന്നീട് തലശ്ശേരി ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി സംഭവം പറഞ്ഞു. ഷിനോജ് അടക്കം മറ്റ് മൂന്ന് പേരാണ് കൊലയ്‌ക്കുള്ള ആയുധങ്ങള്‍ കൊണ്ടുവന്നത്. 
ഷിനോജ്, പ്രമീഷ്, പ്രഭീഷ് എന്നിവരും കൊലയില്‍ പങ്കാളികളായിട്ടുണ്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാരായി രാജന്‍, സുബീഷിന്റെ മൊഴി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.

സി.പി.എം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ സി.പി.എം സ്വീകരിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. മാഹി ചെമ്പ്ര സ്വദേശിയായ കുപ്പി സുബീഷ് എന്നറിയപ്പെടുന്ന സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴിയാണ് ഇന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മറ്റൊരു കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുബീഷ് അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ കേസിന് പിന്നിലും തങ്ങളാണെന്ന മൊഴി നല്‍കിയത്.

എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ ആ പ്രദേശത്ത് സ്ഥിരമായി ആര്‍.എസ്.എസിന്റെ കൊടിമരങ്ങളും ബോര്‍‍ഡുകളും നശിപ്പിക്കുന്നതിന് പ്രതികാരമായാണ് ആക്രമണം നടത്തിയത്. ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവര്‍ കൊലപാതകം ആസൂത്രണം ചെയ്ത ശേഷം തന്നെ വീട്ടില്‍ വന്നു കണ്ടു. ഇവര്‍ തന്നെ ആയുധങ്ങളും കൊണ്ടുവന്നു. നാലു പേരും ഒരു ബൈക്കിലാണ് ഫസലിനെ ആക്രമിക്കാന്‍ പോയത്. ഫസല്‍ സഞ്ചരിക്കുന്ന വഴിയില്‍ കാത്തിരുന്നു. ഫസലിന്റെ സൈക്കിള്‍ വന്നപ്പോള്‍ താന്‍ ഒഴികെയുള്ള മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടി. താന്‍ അവിടെ കാവല്‍ നിന്നു. മരിച്ചോയെന്ന് ഉറപ്പാക്കാതെ ഉടനെ ബൈക്ക് എടുത്ത് പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തിലകന്റെ വീട്ടില്‍ പോയി. അദ്ദേഹം ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം ആരോട് പറയേണ്ടെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി അവിടെയും വിവരം അറിയിച്ചിരുന്നുവെന്നും സുബീഷ് പറയുന്നു.