പ്രണബ്‌ മുഖര്‍ജി പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ ആര്‍എസ്‌എസ്‌ വിശദീകരണം കോണ്‍ഗ്രസ്‌ വീണ്ടും അങ്കലാപ്പില്‍

ദില്ലി: കോണ്‍ഗ്രസിനെ വെട്ടിലാക്കി ആര്‍എസ്‌എസ്‌ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ്‌ മുഖര്‍ജി പങ്കെടുക്കാന്‍ തീരുമാനിച്ച സംഭവം പുകയുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ച്‌ വീണ്ടും ആര്‍എസ്‌എസ്‌. 1963ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സംഘ പ്രവര്‍ത്തകരെ ക്ഷണിച്ചുവെന്നാണ്‌ ആര്‍എസ്‌എസ്‌ പുതിയ വാദം ഉന്നയിച്ചിരിക്കുന്നത്‌.

ചൈനയുമായി 1962ല്‍ യുദ്ധം നടന്നപ്പോള്‍ സംഘ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി 3000 പ്രവര്‍ത്തകരെയാണ്‌ പരേഡിലേക്ക്‌ ക്ഷണിച്ചത്‌. നിരവധി സംഘടനകളെ ഇതു പോലെ നെഹ്‌റു ക്ഷണിച്ചെങ്കിലും അദ്ദേഹത്തോടുള്ള അഭിപ്രായ വ്യത്യാസം മൂലം കൂടുതല്‍ പേരും പങ്കെടുത്തില്ലെന്നും ആര്‍എസ്‌എസ്‌ ദേശീയ മാധ്യമ സംഘത്തിലെ അംഗമായ രത്തന്‍ ശര്‍ദ പറഞ്ഞു. പെട്ടെന്ന്‌ അറിയിച്ചതാണെങ്കിലും രണ്ട്‌ ആഴ്‌ച കൊണ്ട്‌ ഒരുക്കങ്ങള്‍ നടത്തി ആര്‍എസ്‌എസ്‌ പരേഡില്‍ പങ്കെടുത്തു. ആര്‍എസ്‌എസ്‌ പരിപാടിയില്‍ പ്രണബ്‌ മുഖര്‍ജി പങ്കെടുക്കുന്നത്‌ വലിയ വിവാദമാകുന്നതിനിടെയാണ്‌ രത്തന്‍ ശര്‍ദയുടെ പുതിയ വിശദീകരണം.

1977ല്‍ വിവേകാനന്ദ പാറയിലെ സമൃതി മണ്ഡപം അനാച്ഛാദനം ചെയ്‌തത്‌ ഇന്ദിര ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസിനും ബിജെപിക്കും എതിരെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ആഞ്ഞടിക്കുമ്പോള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പ്രണബ്‌ മുഖര്‍ജിയുടെ നിലപാട്‌ കോണ്‍ഗ്രസിന്‌ തലവേദനയായിട്ടുണ്ട്‌.