പ്രവര്‍ത്തകര്‍ക്കും അനുഭാവകുടുംബങ്ങള്‍ക്കുമായി പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി ആര്‍എസ്എസ്. വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കേണ്ടതിന്റെയും, അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുമാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കുടുംബങ്ങള്‍ക്ക് നല്‍കുന്ന കൗണ്‍സിലിങായ കുടുംബ് പ്രബോധന്‍ എന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം, ഈ സമയത്ത് ടിവി കാണുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഈശ്വരപ്രാര്‍ത്ഥന നടത്തണം, കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ രാഷ്‌ട്രീയം, ക്രിക്കറ്റ് എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ പാടില്ല, സ്‌ത്രീകളെ ബഹുമാനിക്കണം, നല്ല പുസ്‌തകങ്ങള്‍ വായിക്കണം, സ്‌ത്രീകള്‍ പുറത്ത് ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ സാരി മാത്രമെ ധരിക്കാന്‍ പാടുള്ളു എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രചരണപരിപാടി തുടരും. വനിതാസംഘടനയായ രാഷ്‌ട്ര സേവിക സംഘിന്റെ പ്രവര്‍ത്തകരും ഒന്നോ രണ്ടോ സ്വയംസേവകരും ചേര്‍ന്ന് വീടുകള്‍ സന്ദര്‍ശിച്ചാണ് ഈ പ്രചരണം നടത്തേണ്ടത്. വീട്ടിലെ കുട്ടികളും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കി ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പ്രചരണപരിപാടി ഹിന്ദു വീടുകളില്‍ മാത്രമായി ചുരുക്കാതെ, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാരുടെ കുടുംബങ്ങളിലും നടത്തണം.