ദില്ലി: ഭാരതീയത പ്രതിഫലിപ്പിക്കുന്ന രീതിയില്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതുമെന്ന് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യ. ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്കാരിക യാഥാര്‍ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാകണം ഭരണഘടനയെന്നും http://thewire.in/ ന് നല്‍കിയ അഭിമുഖത്തില്‍ ഗോവിന്ദാചാര്യ പറഞ്ഞു. ഭരണഘടനാ പരിഷ്കാരം പാര്‍ലമെന്റിലൂടെയാണോ നടപ്പിലാക്കുക എന്ന ചോദ്യത്തിന് അങ്ങനെയുമാവാം അല്ലാതെയുമാവാം എന്നായിരുന്നു ഗോവിന്ദാചാര്യയുടെ മറുപടി.

ഇടക്കാല സര്‍ക്കാരിലെ അംഗങ്ങളില്ലാതെയാണ് 1946ലെ ഭരണഘടനാ അംസബ്ലി രൂപീകരിച്ചത്. 1935ല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് ഇതിന് തുടക്കമിട്ടത്. അതുകൊണ്ടുതന്നെ ഭരണഘടനയില്‍ കാലത്തിനും ദേശത്തിനും അനുസരിച്ചുണ്ടായ മാറ്റളെയെല്ലാം ഉള്‍ക്കൊള്ളാനാകുന്നതരത്തില്‍ മാറ്റം അനിവാര്യമാണ്. അതിനായി വിശാലമായ അര്‍ത്ഥത്തില്‍ ചര്‍ച്ചകള്‍ നടക്കണം. ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് അത് ചെയ്യുമെന്നും ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദാചാര്യ മറുപടി നല്‍കി.

ഭരണഘടന പരിഷ്കാരത്തിനായി ഭരണഘടനയെക്കുറിച്ച് കൃത്യമായി പഠിച്ചവര്‍ ഒരുമിച്ചിരിക്കണം. പിന്നീട് സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വിലയിരുത്തുകയും അത് എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് ചര്‍ച്ച ചെയ്യുകയും വേണം. ഉദാഹരണമായി കുടുംബം എന്ന സങ്കല്‍പ്പത്തിലാണ് ഭാരതിയ സമൂഹത്തിന്റെ നിലനില്‍പ്പ്. എന്നാല്‍ ക്യൂബന്‍ ഭരണഘടനയില്‍ വ്യക്തിക്കല്ല കുടുംബ മൂല്യങ്ങള്‍ക്കാണ് വിലകല്‍പ്പിക്കുന്നത്. അതുപോലെ മറ്റുള്ളവയില്‍ നിന്ന് നമുക്ക് എന്തൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പരിശോധിക്കണം. അല്ലാതെ സംവരണം പോലുള്ള വിഷയങ്ങളില്‍ മാത്രം മാറ്റം പരിമിതപ്പെടുത്താനാവില്ലെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

നമ്മുടെ നിലവിലെ ഭരണഘടന വിശാലമാണെങ്കിലും പലവിഷയങ്ങളിലും വ്യക്തത കുറവുണ്ടെന്നും അത് പടിഞ്ഞാറന്‍ തത്വചിന്തയുടെ തുടര്‍ച്ചയാണെന്നും ഗോവിന്ദാചാര്യ പറഞ്ഞു. നിലവിലെ ഭരണഘടന കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ ഭൗതിക സുഖത്തിനാണ് അത് പ്രാധാന്യം നല്‍കുന്നത്. നമ്മുടെ സംസ്കാരത്തിന് 4000-5000 വര്‍ഷത്തെ പഴക്കമുണ്ടെന്നകാര്യം വിസ്മരിക്കരുത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരണഘടനാ പരിഷ്കാരത്തിനുള്ള രൂപരേഖയാകുമെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി.